കൽപ്പറ്റ> ഡിസാസ്റ്റർ ടൂറിസത്തെ ഒരു നിലയ്‌ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തം നടന്ന സ്ഥലം ഒന്ന് കണ്ടുകളയാമെന്ന് കരുതി വരുന്നവരുണ്ട്. അത് ഡാർക്ക് ടൂറിസം ആണ്. ഇത് അനുവദിക്കില്ല. ഇക്കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കാനാണ് ആലോചിക്കുന്നത്. ജനങ്ങൾ ഇക്കാര്യവുമായി സഹകരിക്കണം.
ലോകത്തുള്ള മുഴുവൻ പേരുടെയും മനസ് വയനാട്ടിലെ രക്ഷാ ദൗത്യത്തിനോടൊപ്പമാണ്. അതുതന്നെയാണ് ഏറ്റവും വലിയ പങ്കാളിത്തം. ശാരീരികമായ സാന്നിധ്യം നിലവിൽ അത്രത്തോളം ആവശ്യമില്ല. എല്ലാവരും നല്ല മനസ്സോടെ വരുന്നവരാണ്. എന്നാൽ ആളുകൾ ഒന്നാകെ എത്തുമ്പോൾ ഉള്ള ബുദ്ധിമുട്ട് ചെറുതല്ല. അത് മനസ്സിലാക്കി ജനങ്ങൾ നിലപാട് സ്വീകരിക്കണം.
ജനപ്രതിനിധികളോ മറ്റ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരോ വരുന്നതിൽ ഒരു തെറ്റുമില്ല. അവർ എത്തുകയും കാര്യങ്ങൾ മനസിലാക്കുകയും അവരുടേതായ നിർദേശങ്ങൾ നൽകുകയും വേണം. അതേസമയം ആളുകൾ അനാവശ്യമായി എത്തുന്നത് ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..