ബത്തേരി
വയനാട് കല്ലുമുക്കിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ മാറോട് രാജുവിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ നൽകുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. അടിയന്തരസഹായമായി അഞ്ച് ലക്ഷം കൈമാറി. രാജുവിന്റെ മകന് താൽക്കാലിക ജോലിനൽകും. പിന്നീട് സ്ഥിരപ്പെടുത്തും. മകൾക്ക് ഉപരിപഠനത്തിന് സഹായവും നൽകും. കുടുംബത്തിന് വീട് നിർമ്മിച്ച് നൽകും. മാറോട് പ്രദേശത്തേക്കുള്ള റോഡ് പട്ടികവർഗ വകുപ്പിന്റെ കോർപസ് ഫണ്ടിൽ നവീകരിക്കും.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് അഞ്ചുവർഷമായി കിടപ്പിലായ രാജുവിന്റെ സഹോദര പുത്രൻ ബിജുവിന് ചികിത്സാസഹായം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു. നൂൽപ്പുഴ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി യോഗശേഷമാണ് മന്ത്രി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. കർഷകന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു.
ഞായർ രാത്രി 8.30ന് വീടിന് സമീപമാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. വയലിൽ നിന്നും വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് പിന്നിൽ നിന്നും കാട്ടാന ആക്രമിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വയലിലെ ചെളിയിൽവീണ രാജുവിന്റെ നെഞ്ചിലും കഴുത്തിലും കാട്ടാന കൊമ്പ് കൊണ്ട് കുത്തുകയും ഇരുകാലുകളിലും ചവിട്ടുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം ബത്തേരിയിലെ ഇക്ര ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അടിയന്തര ശസ്‌ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..