22 December Sunday

സ്കൂൾ കായികമേള: പരാതി പരിശോധിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും അലങ്കോലപ്പെടുത്താൻ ശ്രമം- മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

തിരുവനന്തപുരം> സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമമുണ്ടായെന്ന് മന്ത്രി വി ശിവൻകുട്ടി.

സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂൾ ഉന്നയിക്കുന്നത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന്  നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട്  ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ല.

സാംസ്കാരിക പരിപാടി തടയാനും വളണ്ടിയർമാരെ മർദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്ന രീതിയിൽ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവർത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നു.

തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടായാൽ അവ പരിഹരിക്കാൻ വ്യവസ്ഥാപിത രീതികളുണ്ട്. അപ്പീൽ കമ്മിറ്റിയും കോടതികളുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത  ആദ്യ സ്കൂൾ ഒളിമ്പിക്സിന്റെ സമാപന സമ്മേളനത്തെ അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി സ്കൂൾ അധികൃതർക്കാണ്. 24,000 കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ തിരുനാവായ നാവാമുകുന്ദ സ്കൂളിൽ നിന്ന് 31 കായികതാരങ്ങളും മാർ ബേസിലിൽ നിന്ന്  76 കായികതാരങ്ങളും ആണ് പങ്കെടുത്തത്.

സ്പോർട്സ് സ്കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതൽ പോയിന്റ് ഈ സ്കൂളുകൾക്ക് നൽകണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വരെ അണിനിരന്ന  കലാപരിപാടി തടസ്സപ്പെടുത്താൻ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി. ഇതിനെല്ലാം നേതൃത്വം നൽകിയത് ഈ സ്കൂളുകളിലെ അധ്യാപകരാണ്. 2018 ഓഗസ്റ്റ് 17നാണ് കേരള സ്കൂൾ കായികമേളയുടെ മാനുവൽ പരിഷ്കരിച്ചത്. ഇതിൽ ഒരിടത്തും ജനറൽ സ്കൂൾ എന്നും സ്പോർട്സ് സ്കൂൾ എന്നും  വേർതിരിവ് വേണമെന്ന് പറയുന്നില്ലെന്നും മന്ത്രി കൂട്ടിചേർത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top