തിരുവനന്തപുരം> തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വീഴ്ച പറ്റിയവർക്കെതിരെ ചട്ടപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും അതിൽ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. രോഗിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തെ തുടർന്ന് മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുന്നതാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ഉള്ളൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന തിരുമല സ്വദേശി രവീന്ദ്രൻ നായരാണൻ (69) ശനി ഉച്ചയോടെയാണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. നടുവേദനയെതുടർന്ന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രവീന്ദ്രൻ നായർ ഡോക്ടറുടെ നിർദേശപ്രകാരം വിവിധ പരിശോധനകൾക്കായി പോയി. റിപ്പോർട്ടുമായി വീണ്ടും ഡോക്ടറെ കാണാൻ കയറിയപ്പോളാണ് ലിഫ്‌റ്റിൽ കുടുങ്ങിയത്. ഉള്ളിൽ കയറി സ്വിച്ച് അമർത്തിയപ്പോൾ മുകളിലേക്ക് പൊങ്ങിയ ലിഫ്‌റ്റ് അതിവേഗം താഴെയെത്തി. വാതിൽ തുറക്കാനുമായില്ല. മൊബൈൽ ഫോണിൽ ബന്ധുക്കളെ വിളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനിടയിൽ ഫോൺ തറയിൽവീണ് തകരാറിലായി. ഉറക്കെ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തിങ്കൾ രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴാണ് തളർന്ന് അവശനിലയിലായ രവീന്ദ്രൻനായരെ കണ്ടത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ചു. നിലവിൽ പേ വാർഡിൽ ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..