24 November Sunday

ശബരിമലയിൽ എല്ലാ തീർഥാടകർക്കും ദർശനത്തിന് അവസരമൊരുക്കും: മന്ത്രി വാസവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

പത്തനംതിട്ട> ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട അവസാനവട്ട  ഒരുക്കങ്ങൾ  നവംബർ പത്തിനകം പൂർത്തിയാക്കുമെന്ന്‌ മന്ത്രി  വി  എൻ വാസവൻ പറഞ്ഞു. 95 ശതമാനം ഒരുക്കവും പൂർത്തിയായി. വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. എല്ലാ തീർഥാടകർക്കും ദർശനത്തിന് അവസരമൊരുക്കും. സ്പോട്ട് ബുക്കിങ്  ഉണ്ടാകില്ല. പകരം എന്തു സംവിധാനം എന്നതിനെ കുറിച്ച് പൊലീസും ദേവസ്വം വകുപ്പും ആലോചിച്ച് തീരുമാനിക്കും.  പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സിൽ  സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമരാമത്തിന്റെ  എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കി.  അവശേഷിക്കുന്ന ചെറിയ  ജോലികൾ ഉടൻ തീർക്കും.  കെഎസ്ആർടിസി നിലയ്ക്കൽ–- പമ്പ ചെയിൻ സർവീസ് തുടരും.  ദീർഘദൂര ബസുകൾ പമ്പ വരെ സർവീസ് നടത്തും. പാർക്കിങ്ങിന് എരുമേലിയിൽ ആറര ഏക്കറിൽ അതിവിശാലമായ സൗകര്യം ഏർപ്പെടുത്തും. നിലയ്ക്കലിൽ 10,500 വാഹനങ്ങൾപാർക്ക് ചെയ്യാൻ സംവിധാനമുണ്ടാകും. ചെറിയ വാഹനങ്ങൾക്ക് പമ്പ വരെ പോകാൻ  അനുമതി ലഭ്യമാക്കണമെന്ന് ഹൈക്കോടതിയോട്  ആവശ്യപ്പെട്ടിട്ടുണ്ട്.   

കാനനപാതയിലൂടെ വരുന്നവർക്ക് വിശ്രമിക്കാനും ഭക്ഷണത്തിനും ക്രമീകരണമായി. മരക്കൂട്ടം മുതൽ സന്നിധാനം വരെ ആയിരത്തോളം പേർക്ക് വിശ്രമിക്കാൻ സ്റ്റീൽ കസേരകൾ സ്ഥാപിച്ചു. കുടിവെള്ളവും  ലഘുഭക്ഷണ വിതരണവും ഉണ്ടാകും. സന്നിധാനത്ത് നാലായിരത്തോളം പേർക്ക് അധികമായി വിരിവയ്ക്കാനും വിശ്രമിക്കാനും പന്തൽ സജ്ജമായി.

സന്നിധാനത്ത് ഇസിജി, എക്കോ, ടിഎംടി എന്നിവയുടെ പരിശോധനയ്ക്കും സംവിധാനം ഉണ്ടാകും. കാനന പാതകളിൽ സ്നേക്ക്  കാച്ചർമാരെ നിയമിച്ചിട്ടുണ്ട്‌.  അവശ്യ മരുന്നുകളും  ലഭ്യമാക്കി.  ആരോഗ്യവകുപ്പിന്റെ സംവിധാനത്തിന് പുറമെ  തമിഴ്നാട്ടിൽനിന്ന് ആയിരത്തിനടുത്ത് സന്നദ്ധ  ഡോക്ടർമാർ സേവനത്തിന് തയ്യാറായി. ഇടത്താവളങ്ങളിൽ മറ്റു സംഘടനകളുമായി ചേർന്ന് അന്നദാനം നടത്തും. ശുചീകരണത്തിന്റെ ഭാഗമായി ഇ  ടോയ്‌ലറ്റുകൾ ഇടത്താവളങ്ങളിലടക്കം സ്ഥാപിക്കും. വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ സജ്ജീകരണം ഒരുക്കിയതായും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top