21 November Thursday

ചർച്ച ചെയ്താൽ കാപട്യം തുറന്നുകാട്ടപ്പെടുമായിരുന്നു; പ്രതിപക്ഷം ഒളിച്ചോടിയെന്ന് മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

തിരുവനന്തപുരം > അടിയന്തരപ്രമേയ ചർച്ചക്ക് സർക്കാർ അനുമതി നൽകിയിട്ടും സഭ സ്തംഭിപ്പിച്ച് നാടകീയ രം​ഗങ്ങൾ സൃഷ്ടിച്ച പ്രതിപക്ഷത്തിന്റേത് ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയെന്ന് മന്ത്രി പി രാജീവ്. അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് സർക്കാർ പറയുന്നത് വരെ പ്രതിപക്ഷ നേതാവിന് പ്രശ്നമുണ്ടായിരുന്നില്ല. ചർച്ച തിരിച്ചടിയാകുമോയെന്ന ആശങ്കയായിരുന്നു പ്രതിപക്ഷത്തിന്. ചർച്ച ചെയ്താൽ പ്രതിപക്ഷത്തിന്റെ കാപട്യം തുറന്നുകാട്ടപ്പെടുമായിരുന്നുവെന്നും സഭാനടപടികൾ അലങ്കോലപ്പെടുത്തിയ സമീപനം അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ സ്പീക്കർ അപമാനിച്ചു എന്ന കാരണമാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സഭയിൽ പ്രതിപക്ഷ നേതാവിനോട് അനുകൂല നിലപാടായിരുന്നു സ്പീക്കർ സ്വീകരിച്ചത്. ചർച്ചക്കുള്ള സമയമല്ലായിരുന്നിട്ടുകൂടി നിരവധി തവണ അദ്ദേഹത്തിന് മൈക്ക് നൽകി. പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുത്ത ഘട്ടത്തിൽ സൂപ്പർ പ്രതിപക്ഷനേതാവിനെപ്പോലെ സംസാരിച്ച മാത്യു കുഴൽനാടനോടാണ് ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ ചോദിച്ചത്. ഇതാണോ മലപ്പുറം വിഷയത്തിൽ അവരുന്നയിച്ച ആരോപണത്തിന്മേലുള്ള നിര്‍ണായക ചര്‍ച്ചയാണോ പ്രതിപക്ഷത്തിന് കൂടുതൽ പ്രധാനമെന്നും വാർത്താ സമ്മേളനത്തിൽ പി രാജീവ് ചോദിച്ചു.

പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണക്കൊട്ടാരങ്ങൾ നിയമസഭാതലത്തിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നുണകൾ കൊണ്ട് പിടിച്ചുനിൽക്കാൻ കഴിയാതെ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം ഭീരുക്കളെപ്പോലെ സഭയിൽ നിന്നിറങ്ങി ഓടുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം ചർച്ചക്കെടുക്കാൻ തയാറാകില്ല എന്നാണ് പ്രതിപക്ഷം കരുതിയത്. എന്നാൽ അടിയന്തരമായി ചർച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്ങനെയും പ്രകോപനം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.

പാർലമെന്ററി മര്യാദകൾ വിട്ട് സ്പീക്കറെയും മുഖ്യമന്ത്രിയെയും അപമാനിച്ചു. പക്വതയില്ലാത്ത പ്രതിപക്ഷ നേതാവെന്ന പരാമർശം ശരിയാണെന്നു തെളിയിക്കുന്നതായിരുന്നു ഇന്ന് വി ഡി സതീശൻ സഭയിൽ നടത്തിയ പ്രവർത്തികൾ എന്നും എം ബി രാജേഷ് പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മാത്യു കുഴൽനാടനും അൻവർ സാദത്തും സ്പീക്കറുടെ ഡയസിലേക്ക് കയറിയതും വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളും ഉണ്ടാക്കിയതും. ഏങ്ങനെയും സഭ തടസപ്പെടുത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പരാജയം സഭാസമ്മേളനത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ സംഭവിച്ചു. നിയമസഭയെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാതോടി രക്ഷപെട്ട പ്രതിപക്ഷത്തിന് ജനങ്ങളുടെ മുൻപിൽ സമാധാനം പറയേണ്ടി വരുമെന്നും എം ബി രാജേഷ് പറഞ്ഞു.

നിയമസഭ കൂടാൻ തീരുമാനിച്ചതുമുതൽ തയാറാക്കിയിട്ടുള്ള ആസൂത്രിതമായ അജണ്ട നടപ്പാക്കാൻ പറ്റാത്തതിന്റെ പ്രതിഷേധമാണ് പ്രതിപക്ഷം നപ്പാക്കിയതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പ്രകോപനങ്ങൾ ഒന്നും തന്നെയില്ലാതെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. അപക്വമായ നിലപാടാണ് പ്രതിപക്ഷത്തിന്റേത് എന്ന് പറഞ്ഞ കാര്യമാണോ പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിൽ അത് സഭാ രേഖരകളിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടാമായിരുന്നു. ബോധപൂർവ്വം പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. ഇതുകൊണ്ട് സഭ അവസാനിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top