തിരുവനന്തപുരം
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ അസം സ്വദേശിനിയായ പതിമൂന്നുകാരിയെ തിരികെയെത്തിച്ചു. ഞായർ രാത്രി 10.30 ഓടെ കേരള എക്‌സ്‌പ്രസിൽ തിരുവനന്തപുരത്ത് എത്തിച്ച കുട്ടിയെ സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബ ബീഗത്തിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തൈക്കാട് ശിശുക്ഷേമസമിതിയിലെ വാത്സല്യത്തിന്റെ തണലിൽ അവൾ ഇന്നലെ സുഖമായി ഉറങ്ങി. തിങ്കളാഴ്‌ച സിഡബ്ല്യുസി പ്രവർത്തകരുടെ നേതൃത്വത്തിൽ കുട്ടിക്ക് കൗൺസലിങ് നൽകും. മാതാപിതാക്കളോടും സംസാരിക്കും.
കുട്ടിക്ക് മാതാപിതാക്കളിൽനിന്ന് ശാരീരിക അതിക്രമം നേരിട്ടോയെന്നും അന്വേഷിക്കും. കോടതിയിലും കൗൺസലിങ്ങിലും കുട്ടി ഇത്തരത്തിൽ മൊഴി നൽകിയാൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കും. തിങ്കളാഴ്‌ച മെഡിക്കൽ പരിശോധന നടത്തിയ ശേഷം കുട്ടിയെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും. മാതാപിതാക്കളുടെയും കുട്ടിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയെന്ന് സിഡബ്ല്യുസി അറിയിച്ചു.
ചൊവ്വാഴ്‌ചയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ചെന്നൈ ഭാഗത്തേക്ക് പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിശാഖപട്ടണത്തുനിന്ന് മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്. സിഡബ്ല്യുസിക്ക് കീഴിലുള്ള വിജയവാഡയിലെ ഒബ്‌സർവേഷൻ ഹോമിലായിരുന്ന കുട്ടിയെ ശനി പകൽ 11.30നാണ് പൊലീസ് സംഘത്തിന് വിട്ടുനൽകിയത്. കുട്ടിയെ കണ്ടെത്താൻ സഹായിച്ച മലയാളി സമാജം പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറൽ.
കഴക്കൂട്ടം എസ്‌ഐ വി എസ് രഞ്ജിത്ത്, പൊലീസുദ്യോഗസ്ഥരായ റെജി, ശീതൾ, ചിന്നു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടിയിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിയാനുള്ള ശ്രമം യാത്രയ്‌ക്കിടെ നടത്തിയെങ്കിലും പ്രതികരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കൾ കഴക്കൂട്ടത്തെ വാടകവീട്ടിലാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..