23 September Monday

വിപ്ലവകാരിക്ക് വിട; പൊതുദര്‍ശനം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

കൊച്ചി> മുതിര്‍ന്ന സിപിഐ എം നേതാവ് എം എം ലോറന്‍സിന് കേരളം  വിടനല്‍കുന്നു. സമരേതിഹാസജീവിതം ഇനി സ്മരണകളില്‍ ഊര്‍ജമായി നിറയും. തോട്ടിത്തൊഴിലാളികള്‍ മുതല്‍ വ്യവസായമേഖലയിലെ തൊഴിലാളികളെവരെ സംഘടിപ്പിക്കുകയും അവകാശങ്ങള്‍ നേടാന്‍ പ്രാപ്തരാക്കുകയും ചെയ്ത പ്രിയനേതാവിന് നാട് അന്ത്യാഭിവാദ്യമര്‍പ്പിക്കുകയാണ്.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം രാവിലെ ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവന്നു. എട്ടുമുതല്‍ 8.30 വരെ ഇവിടെ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ എത്തിച്ചു. ഒമ്പതുവരെ ലെനിന്‍ സെന്ററില്‍ അന്ത്യോപചാരം

ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെയാണ് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും. ലോറന്‍സിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി മൃതദേഹം കൈമാറുന്നത്. തുടര്‍ന്ന് ടൗണ്‍ഹാളില്‍ അനുശോചനയോഗം ചേരും. ന്യുമോണിയ ബാധിച്ച് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലോറന്‍സ്, ശനി പകല്‍ 12നാണ് അന്തരിച്ചത്.

നേതാവിന്റെ വേര്‍പാടില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top