23 October Wednesday

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകളുടെ ഹർജി ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

കൊച്ചി> മുതിർന്ന  സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്‌ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതി അനുമതി നൽകി. മെഡിക്കൽ കോളേജിന് വിട്ട് നൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതാണ് വിധി.

മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ വിട്ടുനൽകണമെന്ന്‌ ആവശ്യപ്പെട്ടാണ് മകൾ ആശ ഹർജി നൽകിയത്. മെഡിക്കൽ പഠനത്തിനായി മൃതദേഹം വിട്ടുനൽകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും ഇതനുസരിച്ചാണ്‌ തീരുമാനമെടുത്തതെന്നും മക്കളായ  എം എൽ സജീവനും സുജാതയും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരമൊരു ആഗ്രഹം അച്ഛൻ പ്രകടിപ്പിച്ചിട്ടില്ലെന്നായിരുന്നു ആശയുടെ വാദം.

ആശയെയും മറ്റു മക്കളെയും കേട്ടശേഷം മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാൻ മെഡിക്കൽ കോളേജ് അധികൃതർ തീരുമാനമെടുത്തിരുന്നു.

തൊഴിലാളി യൂണിയൻ സംഘാടകനും മുൻ ലോക്‌സഭാംഗവുമായ എം എം ലോറൻസ്‌ സെപ്റ്റംബർ 21നാണ് അന്തരിച്ചത്. മുളവുകാട് മാടമാക്കൽവീട്ടിൽ അവിര മാത്യുവിന്റെയും മറിയയുടെയും 12 മക്കളിൽ നാലാമനായി 1929 ജൂൺ 15ന്‌ ജനനം. അധ്യാപകനും യുക്തിവാദിയുമായിരുന്ന അപ്പന്റെയും സ്വാതന്ത്ര്യസമരസേനാനി ജ്യേഷ്‌ഠൻ എബ്രഹാം മാടമാക്കലിന്റെയും സ്വാധീനത്തിൽ, വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ ആകൃഷ്ടനായി. 1946ൽ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടി അംഗം. സിപിഐ എം രൂപീകരണത്തെതുടർന്ന്‌ എറണാകുളം ജില്ലയിൽ പാർടി കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ചു.

തോട്ടിത്തൊഴിലാളികൾമുതൽ വ്യവസായ തൊഴിലാളികൾവരെയുള്ളവരെ സംഘടിപ്പിച്ചു. 1950 ഫെബ്രുവരി 28ന്‌ ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിലും നിരവധി പ്രക്ഷോഭങ്ങളിലും പങ്കെടുത്ത്‌ പൊലീസ്‌ മർദനമേറ്റു. അടിയന്തരാവസ്ഥയിലുൾപ്പെടെ പലപ്പോഴായി ആറുവർഷം ജയിൽവാസം. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ എറണാകുളം മണ്ഡലം സെക്രട്ടറി, 1968 മുതൽ 77വരെ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി, 1978 മുതൽ 98വരെ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

1987മുതൽ 98വരെ എൽഡിഎഫ്‌ കൺവീനർ. 1980ൽ ഇടുക്കിയിൽനിന്ന്‌ ലോക്‌സഭാംഗമായി. കൊച്ചി കോർപറേഷൻ രൂപീകരിച്ച 1969 മുതൽ 79വരെ കൗൺസിലറായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top