തിരുവനന്തപുരം> മാലിന്യസംസ്‌കരണം നടപ്പാക്കാതെ റെയിൽവേ. പ്രധാനമന്ത്രി മോദി പറയുന്ന ‘ശുചിത്വഭാരതം’ റെയിൽവേ മന്ത്രിയോ വകുപ്പോ പാലിക്കുന്നില്ല. പ്രധാന സ്റ്റേഷനുകളായ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം നോർത്ത് എന്നിവിടങ്ങളിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ജൈവമാലിന്യംപോലും സംസ്‌കരിക്കാൻ തിരുവനന്തപുരം സെൻട്രലിന് കഴിയുന്നില്ല. പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ അവ പ്രവർത്തിക്കുന്നില്ല.
റെയിൽവേ കരാർ എടുത്തയാൾ കോർപറേഷനിൽ രജിസ്റ്റർ ചെയ്‌തിരിക്കണം. മാലിന്യ സംസ്‌കരണം ഫലപ്രദമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്. എന്നാൽ രജിസ്റ്റർ ചെയ്യാത്തതിനാൽ ഇദ്ദേഹത്തിന് മാലിന്യസംസ്‌കരണം നടത്താനുള്ള സംവിധാനമില്ലെന്നുവേണം കരുതാൻ. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്‌ഫോമിനോടുചേർന്ന് മാസങ്ങളായി മാലിന്യം തള്ളുകയാണ്. യാത്രക്കാർ കാണാതിരിക്കാൻ ടാർപോളിൻ ഉപയോഗിച്ച് മറച്ചെങ്കിലും ദുർഗന്ധം കാരണം ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് ജീവനക്കാർ അധികൃതർക്ക് പരാതി നൽകിയിട്ടും മാറ്റിയിട്ടില്ല.
ഏറ്റവും കൂടുതൽ ട്രെയിൻ ഓപ്പറേറ്റ് ചെയ്യുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പവർ ഹൗസ് റോഡ് ഭാഗത്തും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ട്രെയിനുകളിൽ മാലിന്യശേഖരണത്തിന് കവറുകൾ വയ്‌ക്കാത്തതിനാൽ യാത്രക്കാരും മാലിന്യം വലിച്ചെറിയുന്നു. ട്രെയിൻ ശുചീകരണത്തിന് കരാറെടുത്തവരും കവറുകളിലാക്കി ആളൊഴിഞ്ഞ മേഖലകളിലും പുഴകളിലും തള്ളുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..