18 November Monday

മലയാളികളുടെ 
കീരിക്കാടൻ ജോസ് വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


തിരുവനന്തപുരം
കീരിടം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളിയുടെ മനസ്സിൽ ചേക്കേറിയ നടൻ ‘കീരിക്കാടൻ ജോസ്' എന്ന മോഹൻരാജ് (69) അന്തരിച്ചു. പാർക്കിൻസൺസ് രോ​ഗത്തെതുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളം സുകുമാരൻ നികേതനിൽ വ്യാഴം പകൽ  3.25നാണ് അന്ത്യം. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.

വിവിധ ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലായിരുന്നു താമസം. ചികിത്സയുടെ ഭാഗമായാണ് നാട്ടിലെത്തിയത്. എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമീഷണറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ എന്നീ തമിഴ്‌ചിത്രങ്ങളിൽ  അഭിനയിച്ചു. 1988ൽ കെ മധു സംവിധാനംചെയ്ത ‘മൂന്നാംമുറ’യിലൂടെയാണ്  മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ഭാര്യ: ഉഷ (ഹൗസിങ് ആൻഡ് അർബൻ കോർപറേഷൻ ലിമിറ്റഡ്, ചെന്നൈ), മക്കൾ: ജെയ്‌ഷ്മ, കാവ്യ.

മുഖ്യമന്ത്രി
 അനുശോചിച്ചു
നടൻ മോഹൻ രാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.  കിരീടം സിനിമയിലെ ‘കീരിക്കാടൻ ജോസ്' എന്ന കഥാപാത്രത്തിലൂടെ ജനപ്രിയനായനായിരുന്നു അദ്ദേഹമെന്ന്‌ മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മലയാളി മനസ്സിൽ
ഇടംപിടിച്ച നടൻ:
എം വി ഗോവിന്ദൻ
നടൻ മോഹൻ രാജിന്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചിച്ചു.  കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന്‌- എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട നടൻ: സജി ചെറിയാൻ
സ്വന്തം പേരിനെക്കാൾ, കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ അവസരം ലഭിച്ച അപൂർവം നടൻമാരിൽ ഒരാളാണ് മോഹൻ രാജെന്ന്‌ മന്ത്രി സജി ചെറിയാൻ. മലയാള സിനിമയിലെ ശ്രദ്ധേയമായ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കിരീടത്തിലെ കീരിക്കാടൻ ജോസിന്റെ പേരിലാണ് കൂടുതൽ അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിക്കുന്നു–- മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top