22 December Sunday

എംപോക്‌സ് ജാഗ്രതയിൽ കേരളം ; വിമാനത്താവളങ്ങളില്‍ 
നിരീക്ഷണസംഘം

സ്വന്തം ലേഖികUpdated: Thursday Aug 22, 2024


തിരുവനന്തപുരം
ആഫ്രിക്കയിലടക്കമുള്ള ചില രാജ്യങ്ങളിൽ എംപോക്സ്‌ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും നിരീക്ഷണ സംഘം പ്രവർത്തനം ആരംഭിച്ചു.

രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന്‌ വരുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. 2022ൽ എംപോക്സ്‌ സ്ഥിരീകരിച്ചപ്പോൾ സംസ്ഥാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസീജിയർ (എസ്ഒപി) പുറത്തിറക്കിയിരുന്നു. അതനുസരിച്ച്‌ ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ എന്നിവ ഉറപ്പാക്കി. എംപോക്സ്‌ രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ എസ്ഒപി കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

എംപോക്‌സും പകർച്ചയും
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്ന എംപോക്സ്‌ ഇപ്പോൾ മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് നേരിട്ട് പകരുന്നുണ്ട്‌. ‌വായുവിലൂടെ പകരുന്ന ഒരു രോഗമല്ലിത്. രോഗിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്തുേള്ള സ്പർശനം, ലൈംഗിക ബന്ധം, തുടങ്ങിയവയിലൂടെയാണ്‌ രോഗം പകരാൻ സാധ്യത.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും വരും. മുഖത്തും കൈകാലുകളിലുമാകും കൂടുതൽ കുമിളകൾ. കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും കുമിളവരും.

പ്രതിരോധം
വൈറസ് ബാധ സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയവരെ പരിചരിക്കുന്നവരും സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും മുൻകരുതലെടുക്കണം. ആംബുലൻസിൽ കൊണ്ടുപോകേണ്ടി വന്നാൽ ഗൗൺ, എൻ 95 മാസ്ക്‌, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. രോഗിയെ എത്തിക്കുന്ന ആശുപത്രിയെ വിവരം അറിയിക്കണം. രോഗി എൻ 95 മാസ്കോ ട്രിപ്പിൾ ലെയർ മാസ്കോ ധരിക്കണം. മുറിവുകൾ മൂടത്തക്കവിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലൻസും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങൾ മാർഗനിർദേശമനുസരിച്ച് നശിപ്പിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top