22 November Friday

എം പോക്സ്‌ ; പ്രതിരോധം ശക്തം , ആശങ്ക വേണ്ട

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024


തിരുവനന്തപുരം
മലപ്പുറത്ത്‌ എം പോക്സ്‌ രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുള്ള സാഹചര്യത്തിൽ ആരോഗ്യവകുപ്പ്‌ പ്രതിരോധ നടപടികൾ ഊർജിതമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ലോകാരോഗ്യ സംഘടനയുടെ മുൻകരുതൽ നിർദേശം ലഭിച്ചതോടെ ചികിത്സയ്‌ക്കായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്‌ പ്രൊസീജിയർ (എസ്‌ഒപി) ആഗസ്തിൽതന്നെ കേരളം പുറത്തിറക്കിയിരുന്നു.

ഐസൊലേഷൻ, ചികിത്സ, സാമ്പിൾ കളക്‌ഷൻ തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ളതാണ്‌ എസ്‌ഒപി. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഈ എസ്ഒപി പിന്തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌ നിർദ്ദേശം നൽകിയിരുന്നു. പിസിആർ പരിശോധനയിലൂടെയാണ് എം പോക്സ്‌ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തെർമൽ സ്കാനർ ഉണ്ട്. വിദേശത്തുനിന്ന്‌ വരുന്ന യാത്രക്കാരിൽ തെർമൽ സ്കാനർ പരിശോധനയിൽ പനി കണ്ടെത്തിയാൽ ദേഹത്ത് ചുവന്ന പാടുകൾ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രിയിലേക്ക്‌ മാറ്റും.

2022 ജൂലൈ 14ന്‌ കേരളത്തിൽ എം പോക്സ്‌ സ്ഥിരീകരിച്ചിരുന്നു. പിന്നീട്‌ രോഗമുക്തി നേടി. അന്ന്‌ നിരീക്ഷണത്തിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും രോഗപ്പകർച്ച തടയാനായി. ഈ അനുഭവങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ മുതൽക്കൂട്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top