കൊല്ലം > കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ അമ്മയ്ക്ക് പത്തുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കല്ലുവാതുക്കൽ ഈഴായ്‌ക്കോട് പേഴുവിളവീട്ടിൽ രേഷ്‌മ(25)യെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കൊല്ലം ഫസ്‌റ്റ് അഡീഷണൽ ജഡ്‌ജ് പി എൻ വിനോദ് ഉത്തരവിട്ടു. ഐപിസി 304(2) പ്രകാരമാണ് പത്തു വർഷം തടവ്. ജുവനൈൽ ജസ്‌റ്റിസ് ആക്‌ടിലെ 75–-ാം വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവും. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
ഗർഭകാലത്ത് കൊടുക്കേണ്ട സംരക്ഷണം കൊടുക്കാതെ വൃത്തിഹീനവും അണുവിമുക്തമല്ലാത്തതുമായ സ്ഥലത്ത് പ്രസവം നടത്തുകയായിരുന്നു പ്രതിയെന്ന് വിധിന്യായത്തിൽ പറയുന്നു. പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റിയില്ല. റബർതോട്ടത്തിനു സമീപമുള്ള കരിയിലത്തോട്ടത്തിൽ തുണിയിൽപോലും പൊതിയാതെ ഉപേക്ഷിച്ച കുഞ്ഞിന്റെ മരണം ഉറപ്പാണെന്ന് പ്രതിക്ക് അറിവുണ്ടായിരുന്നു. അതിനാൽ പ്രതി പത്തുവർഷം തടവ് അനുഭവിക്കണമെന്നു വിധിയിൽ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശ്വാസകോശത്തിൽ ഇലയുടെ കഷ്ണങ്ങൾ കണ്ടിരുന്നതും ശരീരത്തിൽ ഉറുമ്പുകൾ കടിച്ചതിന്റെ പാടും വയറ്റിൽ മുലപ്പാലിന്റെ അംശം ഇല്ലാതിരുന്നതും കോടതി തെളിവായി സ്വീകരിച്ചു. ഇങ്ങനെ ഒരു കുഞ്ഞിനെ കണ്ടില്ലെന്ന് പ്രതിയുടെ അമ്മ കൂറുമാറി പറഞ്ഞിരുന്നെങ്കിലും സ്ഥലത്തെത്തിയ ആശ വർക്കർ പുഷ്പകുമാരിയുടെ മൊഴിയും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയ പൊലീസിന്റെ മൊഴിയും കോടതി വിശ്വാസത്തിലെടുത്തു.
കുഞ്ഞിനെ ആര് ഉപേക്ഷിച്ചെന്നോ ആരാണ് പ്രസവിച്ചതെന്നോ തെളിവുകളോ ദൃക്സാക്ഷിയോ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ഡിഎൻഎ തെളിവുകളുമാണ് കോടതിക്ക് ആശ്രയമായത്. 2021 ജനുവരി അഞ്ചിനാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം എസ്‌എടിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രദേശവാസികളുടെയും പ്രതിയുടെയും അച്ഛനമ്മമാരുടെയും ഭർത്താവിന്റെയും ഉൾപ്പെടെ 21 പേരുടെയും രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തിയാണ് പ്രതികളെ കണ്ടെത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്‌ക്കലും ഡി ഷൈൻദേവും കോടതിയിൽ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..