23 December Monday
സംസ്ഥാന വ്യവസായ വകുപ്പ്‌ പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കും

എംഎസ്‌എംഇകൾക്കായി 
107 കോടിയുടെ പദ്ധതി ; റാംപ്‌ പദ്ധതിക്ക്‌ കേന്ദ്ര അംഗീകാരം

സ്വന്തം ലേഖകൻUpdated: Thursday Sep 5, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങളെ (എംഎസ്‌എംഇ) ശക്തിപ്പെടുത്താനുള്ള റാംപ്‌ (റൈസിങ്‌ ആൻഡ്‌ ആക്‌സിലറേറ്റിങ്‌ എംഎസ്‌എംഇ പെൻഫോമൻസ്‌) പദ്ധതിക്ക്‌ കേന്ദ്ര അംഗീകാരം. ജനുവരിയിലാണ്‌ പദ്ധതി സംസ്ഥാന വ്യവസായ വകുപ്പ് അംഗീകാരത്തിനായി സമർപ്പിച്ചത്‌. ലോക ബാങ്കിന്റെ സഹായത്തോടെ കേന്ദ്ര എംഎസ്‌എംഇ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി വഴി 107.71 കോടി രൂപയുടെ ഗ്രാന്റ്‌ സംസ്ഥാനത്തിനു ലഭിക്കും.

എംഎസ്എംഇ പദ്ധതികളുടെ സ്വാധീനം ശക്തമാക്കുക, നവീന ആശയങ്ങൾ പ്രോത്സാഹിപ്പിച്ച്‌ ആശയവിനിമയം വർധിപ്പിക്കുക, ഉൽപ്പന്നങ്ങൾക്ക് വിപണി ഉയർത്തുക, സംരംഭങ്ങൾക്കിടയിൽ ഹരിതവൽക്കരണ രീതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യങ്ങൾ. മിഷൻ 1000 യൂണിറ്റുകൾക്കുള്ള ഡിപിആർ സഹായം, എംഎസ്എംഇകൾക്ക് ബിസിനസ് സഹായം, ഇറക്കുമതി ബദൽ പഠനവും സ്ട്രാറ്റജിക് പ്ലാൻ തയ്യാറാക്കലും, എംഎസ്എംഇ- ടെക്നോളജി ക്ലിനിക്കുകൾ, പരിശീലന പരിപാടി എന്നിവയ്‌ക്കായി പണം ചെലവഴിക്കും. സംസ്ഥാന വ്യവസായ വകുപ്പ്‌ പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കും. മൂന്നു വർഷമാണ്‌ കാലയളവ്‌. പദ്ധതി പുരോഗതി വിലയിരുത്തിയ ശേഷം തുടർന്നുള്ള ഗ്രാന്റ്‌ അനുവദിക്കും. റാംപ്‌ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാല വ്യവസായ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top