കുന്നമംഗലം > ഒരു കൊച്ചു ഗ്രാമത്തെ ലോക ചരിത്രത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ചരിത്ര നിയോഗമായി മാറുകയായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടിയുടെ ആ പ്രഖ്യാപനം. ചെറുകുളത്തൂർ ഗ്രാമത്തിനെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമമായി 2003 ഫെബ്രുവരി 13ന് പ്രഖ്യാപിച്ചത് എം ടി വാസുദേവൻ നായരായിരുന്നു. കെ പി ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ രൂപീകൃതമായ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വർണശബളമായ ഘോഷയാത്രക്കൊടുവിൽ ആയിരങ്ങളെ സാക്ഷിനിർത്തിയായിരുന്നു ആ മഹാപ്രഖ്യാപനം.
1992 മുതൽ നേത്രദാന പ്രവർത്തനം നടത്തിവന്നിരുന്ന ചെറുകുളത്തൂർ നിവാസികൾക്ക് വലിയ പ്രചോദനമായി ആ പ്രഖ്യാപനം. ആ പതിഞ്ഞ വാക്കുകളിലൂടെ എം ടി പറഞ്ഞ മാനവികതയുടെ മൂർത്തമായ ആശയം ഒരു ഗ്രാമം ഏറ്റെടുത്തതിന്റെ നേർ സാക്ഷ്യമായിരുന്നു രണ്ട് ദശകങ്ങൾ പിന്നിടുമ്പോൾ ചെറുകുളത്തൂർ ഗ്രാമത്തിൽ നിന്നും മരണാനന്തരം 231 പേർ നേത്രദാനം നടത്തിയത്. അതു വഴി 461 പേരുടെ ജീവിതത്തിൽ പ്രകാശം പടർത്താൻ കത്തിച്ചു കളയുമായിരുന്ന ആ കണ്ണുകൾക്കായി. നേത്രദാന ട്രസ്റ്റുമായി നേരത്തെ തന്നെ പ്രവർത്തിച്ചിരുന്ന ആളായിരുന്നു എം ടി. അതായിരുന്നു സംഘാടകരെ പ്രഖ്യാപനത്തിന് അദ്ദേഹത്തെ വിളിക്കാൻ പ്രേരിപ്പിച്ചത്. എം ടി യുമായി അടുത്ത ബന്ധമുള്ള നാടകപ്രവർത്തകൻ പുരുഷൻ കടലുണ്ടി വഴിയാണ് സംഘാടകർ അന്ന് സിത്താരയിലെത്തുന്നത്. അങ്ങിനെ ‘കാല’ത്തിന്റെ സ്രഷ്ടാവ് ആ നിയോഗമേറ്റെടുത്തു. നേത്രദാനത്തിനുമപ്പുറം ചെറുകുളത്തൂരിനെ 2013 ൽ അവയവദാന ഗ്രാമമാക്കി മാറ്റി ഒരു പടി കൂടി ഉയർത്തിയാണ് നാട്ടുകാർ പുതിയ ചരിത്രം സൃഷ്ടിച്ചത്. നേത്രദാനമെന്ന ജീവകാരുണ്യ പ്രവർത്തനം രാഷ്ട്ര പുനർനിർമാണമാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു എം ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..