തൃശൂർ > സാഹിത്യ ലോകത്ത് അക്ഷരങ്ങളിലൂടെ വിസ്മയം തീര്‍ത്ത മലയാളത്തിന്റെ ഒരേ ഒരു എം ടി കഥാവശേഷനായി. ആലത്തൂര്‍ എംപി, കെ രാധാകൃഷ്ണന്‍ എംടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഫേസ് ബുക്കില്‍ കുറിച്ചു
നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും എം ടി ക്ക് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്താൻ കഴിയും. മലയാള സിനിമക്ക് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ സിനിമ ചരിത്രത്തിൽ എക്കാലവും ഓർക്കപ്പെടും. സുഹൃത്തുക്കളും ആരാധകരും ഒരുപോലെ എംടി എന്ന് വിളിക്കുന്ന എം ടി വാസുദേവൻ നായർ മൂന്ന് തവണ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം അവാർഡ്, പത്മഭൂഷൺ എന്നിങ്ങനെ നിരവധി അഭിമാനകരമായ അവാർഡുകൾ നേടി മലയാളത്തിൻെറ വികാരമായിരുന്നു എപ്പോഴും.
അദ്ദേഹത്തിൻ്റെ ഓരോ കഥാപാത്രങ്ങളും വായനക്കാരനോട് സംസാരിച്ചു കൊണ്ടേയിരുന്നു. തൻ്റെ എഴുത്തിലൂടെ തൻ്റെ വ്യക്തിത്വം എല്ലാ കാലത്തും ഉയർത്തി പിടിക്കാൻ എം ടിക്കായി. അനിശ്ചിതത്വങ്ങളും കെട്ടുകഥകളും വിവേചനങ്ങളും ചൂഷണങ്ങളും ആചാരങ്ങളും ലൗകികതയും വൈരുദ്ധ്യങ്ങളും നിറഞ്ഞ ഗ്രാമീണ കേരളത്തിലെ ജീവിതം അദ്ദേഹത്തിൻ്റെ കഥകളെ കൂടുതൽ സമ്പന്നമാക്കി.
മരണം രംഗബോധമില്ലാത്ത കോമാളി എന്നെഴുതിയ എം.ടിയുടെ പ്രവചനാത്മതയ്ക്കു മുന്നിൽ ഓർത്തുവെക്കാൻ വാക്കുകളുടെ മായാജാലം സമ്മാനിച്ച് ധന്യമായ ആ മടക്കം. വരാതിരിക്കില്ല എന്ന ഒറ്റവാക്കിലൂടെ ഒരു പ്രപഞ്ചത്തെ ചിമിഴിലൊതുക്കിയ കാലത്തിന്റെ ആ മഹാപ്രവാഹത്തിനു നന്ദി. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ആഘോഷിക്കണമെന്ന് തോന്നിയിട്ടില്ല.
പക്ഷെ കാലത്തിനോട് നന്ദിയുണ്ട് എത്രയും കാലം എനിക്ക് അനുവദിച്ചതിന് അത് ദൈവമാവാം എന്തുമാവാം. പ്രിയപ്പെട്ട എം ടി വിടയെന്നാണ് കുറിപ്പിന്റെ പൂർണ രൂപം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..