27 December Friday

വിട... മായില്ല, ഈ കാലം

പി വി ജീജോUpdated: Thursday Dec 26, 2024

എം ടി വാസുദേവൻ നായരുടെ മൃതദേഹം നടക്കാവ്‌ കൊട്ടാരം റോഡിലെ വീട്ടിൽ പൊതുദർശനത്തിന്‌ വെച്ചപ്പോൾ

കോഴിക്കോട്‌> മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ ഇനി ഓർമകളിലെ സർഗ സുകൃതം. മലയാളത്തിൽ രണ്ടാമൂഴക്കാരനില്ലാത്ത സാഹിത്യ ശിൽപ്പിയുടെ വേർപാട്‌ ബുധൻ രാത്രി പത്തോടെയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ  തുടങ്ങി രാഷ്‌ട്രീയ–-സാംസ്‌കാരിക മണ്ഡലങ്ങളിലെ നായകർ കോഴിക്കോട്‌ കൊട്ടാരംറോഡിലെ വീട്ടിലെത്തി ആദരാഞ്‌ജലി അർപ്പിച്ചു.  എം ടിയുടെ അഭിലാഷപ്രകാരം  പൊതുദർശനം ഒഴിവാക്കിയിരുന്നു. വ്യാഴം വൈകിട്ട്‌ അഞ്ചിന്‌ മാവൂർ റോഡ്‌ ശ്‌മാശനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ്‌ സംസ്‌കാരം. ‘ഹൃദയാഭിലാഷമായ ഒമ്പത്‌ കഥകളുടെ സിനിമാസമാഹാരത്തിന്റെ ട്രയിലർ ‘മനോരഥങ്ങൾ’ പുറത്തിറങ്ങുന്ന ചടങ്ങിൽ  കൊച്ചിയിലാണ്‌ ഒടുവിൽ  പങ്കെടുത്തത്‌. ജന്മദിനമായ ജൂലൈ15 നായിരുന്നു കൊച്ചിയിൽ ചലച്ചിത്രകാരൻ കൂടിയായ   എംടിയുടെ അവസാന പൊതുപരിപാടി.

രചനാ സൗകുമാര്യത്താൽ  മലയാള സാഹിത്യത്തിലും സിനിമയിലും വീരഗാഥകൾ സൃഷ്‌ടിച്ച  എം ടി കഥാകൃത്ത്‌, നോവലിസ്‌റ്റ്‌ , തിരക്കഥാകൃത്ത്‌, സംവിധായകൻ, പത്രാധിപർ, പ്രഭാഷകൻ എന്നീ നിലകളിൽ സാഹിത്യ– കലാ– സാംസ്‌കാരിക മണ്ഡലങ്ങളിലെല്ലാം  പ്രതിഭാസുഗന്ധം പരത്തി. തിരൂരിലെ തുഞ്ചൻ സ്‌മാരക ട്രസ്‌റ്റിന്റെ  ചെയർമാനാണ്‌. രാജ്യത്തെ ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം , പത്മഭൂഷൺ പുരസ്‌കാരം, കേരളസർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ  പ്രഥമ കേരളജ്യോതി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ്‌ തുടങ്ങി ഇരുന്നൂറിലിധികം ബഹുമതികൾ  അക്ഷരകലയാൽ കൈരളിയെ ധന്യമാക്കിയ എഴുത്തുകാരന്‌ ലഭിച്ചിട്ടുണ്ട്‌. തിരക്കഥയെഴുതി സംവിധാനംചെയ്‌ത ആദ്യ  സിനിമ ‘നിർമ്മാല്യ’ത്തിന്‌ സുവർണ കമലം സ്വന്തമാക്കി. അവസാനമായി ഒമ്പത്‌ സിനിമകളുടെ സമാഹാരം ‘മനോരഥങ്ങൾ’ ഓണസമ്മാനമായി പുറത്തിറങ്ങി.

കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായും പ്രവർത്തിച്ചു. മഞ്ഞ്‌, ഒരു വടക്കൻ വീരഗാഥ, കടവ്‌, പെരുന്തച്ചൻ, സുകൃതം  തുടങ്ങി അമ്പതിലധികം  ചലച്ചിത്രകാവ്യങ്ങളുമായി സംവിധായകൻ, തിരക്കഥാകൃത്ത്‌, നിർമാതാവ്‌, ഗാനരചയിതാവ്‌  എന്നിങ്ങനെ വെള്ളിത്തിരയിൽ സുവർണമുദ്ര പതിപ്പിച്ച ചലച്ചിത്രകാരനുമാണ്‌.   1948ൽ ‘ചിത്രകേരളം’ മാസികയിൽ പ്രസിദ്ധപ്പെടുത്തിയ ‘വിഷുക്കൈനീട്ട’മാണ്‌ ആദ്യകഥ. 1953–-ൽ മാതൃഭൂമി ലോകകഥാമത്സരത്തിൽ സമ്മാനാർഹമായ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥയോടെ സാഹിത്യലോകത്ത്‌ ശ്രദ്ധേയനായി.
കാൽപ്പനിക വൈകാരികാവിഷ്‌കാരങ്ങളുടെ സമ്മോഹാരിതയാൽ  കാലാതീതമായ  ‘കാലം’,   പ്രണയത്തിന്റെ സ്‌നിഗ്ധസാന്ദ്ര സൗന്ദര്യം പൊഴിക്കുന്ന ‘മഞ്ഞ്‌’,  ജീർണ സംസ്‌കൃതിയുടെ നാലുകെട്ടുകൾക്കപ്പുറം  കാറ്റും വെളിച്ചവും കടക്കുന്ന ലോകത്തെ പ്രകാശിപ്പിച്ച ‘നാലുകെട്ട്‌’, അവഗണനയും അവഹേളനവും സംഘർഷങ്ങളും  സഹിക്കുന്ന  മനുജ ജീവിതങ്ങളുടെ ഇതിഹാസ ഭാഷ്യമായ ‘രണ്ടാമൂഴം’ തുടങ്ങി മലയാളഭാഷയുടെ  വരപ്രസാദമായ രചനകൾ ആ തൂലികയിൽ പിറന്നു.  

കഥയുടെ കണ്ണാന്തളിപ്പൂക്കൾ വർഷിച്ച എം ടിയുടെ തൂലിക  യാത്രാവിവരണം, നാടകം (ഗോപുരനടയിൽ), ബാലസാഹിത്യം, ലേഖനങ്ങൾ   എന്നിവയാലും മലയാളത്തെ ധന്യമാക്കി .  കേന്ദ്ര–-കേരള സാഹിത്യ അക്കാദമി അവാർഡുകൾ  നേടിയ എം ടിക്ക്‌    ചെറുകഥക്കും നോവലിനും നാടകത്തിനും കേരള സാഹിത്യഅക്കാദമി അവാർഡ്‌ ലഭിച്ച ഏക മലയാളി സാഹിത്യകാരൻ എന്ന സവിശേഷ ഖ്യാതിയുമുണ്ട്‌. ദീർഘകാലം മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. പാലക്കാടൻ ഗ്രാമമായ കൂടല്ലൂരിൽ 1933 ജൂലൈ 15നാണ്‌ ജനനം. അച്ഛൻ: പരേതനായ പുന്നയൂർക്കുളം ടി നാരായണൻ നായർ, അമ്മ: പരേതയായ അമ്മാളു അമ്മ.  പ്രശസ്‌ത നർത്തകി കലാമണ്ഡലം സരസ്വതിയാണ്‌ ഭാര്യ. മക്കൾ: സിതാര ( ജോൺസൻ ആൻഡ്‌ ജോൺസൺ ഗ്ലോബൽ വൈസ്‌പ്രസിഡന്റ്‌ , എൻഡ്‌ യൂസർ സർവീസസ്‌ അമേരിക്ക), നർത്തികയായ അശ്വതി (നൃത്യാലയ, ചാലപ്പുറം, കോഴിക്കോട്‌) . മരുമക്കൾ:പുണൈയിലെ സഞ്ജയ്‌ ഗിർമെ (അമേരിക്ക). ശ്രീകാന്ത്‌ (നർത്തകൻ, ചെന്നൈ). ആദ്യ ഭാര്യ: പരേതയായ പ്രമീളാനായർ. സഹോദരങ്ങൾ: പരേതരായ എം ടി ഗോവിന്ദൻനായർ, നാരായണൻ നായർ, ബാലൻ നായർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top