26 December Thursday

'ആ ഹൃദയത്തിലൊരിടം ലഭിച്ചത് സിനിമാ ജീവിതത്തിലെ വലിയ ഭാഗ്യം'- മമ്മൂട്ടി; വൈകാരികമായ അടുപ്പം-മോഹന്‍ലാല്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 26, 2024

കോഴിക്കോട്> എം ടി വാസുദേവന്‍ നായരെ അവസാനമായി കാണാന്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലെത്തി നടന്‍ മോഹന്‍ലാല്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് അവസാനമായി അദ്ദേഹത്തെ കാണാനായി മോഹന്‍ലാല്‍ എത്തിയത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

'എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവന്‍ നായര്‍. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മില്‍ നല്ല സ്‌നേഹ ബന്ധമുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. ആരോഗ്യ വിവരങ്ങള്‍ ആശുപത്രിയില്‍ വിളിച്ചു അന്വേഷിച്ചിരുന്നു'- മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, എം ടി യുടെ വിയോഗത്തില്‍ മമ്മൂട്ടിയും അനുശോചനം രേഖപ്പെടുത്തി. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു എന്നും നടന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്നും അദ്ദേഹം അനുശോചനത്തില്‍ കുറിച്ചു.

അനുശോചന കുറിപ്പിന്റെ പൂര്‍ണ രൂപം

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.
സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍,ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top