14 November Thursday

തൃശൂർ ജില്ലയിൽ 50 ശതമാനത്തിൽ അധികം പിഡബ്യൂഡി റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലായി: മന്ത്രി മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 10, 2023

തൃശൂർ > പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനു കീഴിൽ ജില്ലയിലെ 946 കിലോമീറ്റർ റോഡുകളും ബിഎംബിസി നിലവാരത്തിൽ ഉയർത്തിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃശൂർ രാമനിലയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ 1932 കിലോമീറ്റർ റോഡാണ്‌ പിഡബ്യൂഡിക്ക്‌ കീഴിലുള്ളത്‌. അതിൽ 50 ശതമാനത്തിൽ അധികം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലായി. ബിഎം ആൻഡ് ബിസി നിലവാരത്തിൽ റണ്ണിംഗ് കോൺട്രാക്‌ട് നടപ്പാക്കുന്നതിൽ ജില്ല സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണ്‌. ബിഎം ആൻഡ് ബിസിക്ക്‌  ചെലവ്‌ കൂടുതലാണെങ്കിലും  ഗുണനിലവാരമുണ്ടാവും. നാലഞ്ചു വർഷത്തേക്ക്‌  റോഡ്‌ തകരാറുണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച റണ്ണിങ് കോൺട്രാക്ട് സംവിധാനത്തിലൂടെ ജില്ലയിലെ 1333 കിലോമീറ്റർ റോഡുകൾക്ക് പരിപാലന ചുമതല ഉറപ്പുവരുത്താനായിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി 24.36 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഡിഎൽപി, റണ്ണിങ് കോൺട്രാക്ടിൽ പരിപാലിപ്പിക്കുന്ന 1613 കിലോമീറ്റർ ദൂരം റോഡുകളും ജില്ലയിലുണ്ട്. ശേഷിക്കുന്ന 300ൽപരം കിലോമീറ്റർ റോഡുകൾ കിഫ്‌ബി ഉൾപ്പടെ മറ്റു പദ്ധതികളിൽ സംരക്ഷിക്കുന്നു.  റിന്യൂവൽ പ്രോഗ്രാമിൽ ഉൾപ്പെടുത്തി നാട്ടിക, കുന്നംകുളം, ഗുരുവായൂർ, ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ, ചാലക്കുടി എന്നീ മണ്ഡലങ്ങളിലായി എട്ടു പദ്ധതികൾക്കായി 14. 35  കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. കിഫ്‌ബി  പ്രവർത്തനങ്ങൾക്ക് അനുമതി കിട്ടിയ ജില്ലയിലെ രണ്ട് റോഡുകളിൽ ഓവർലേ, റെക്ടിഫിക്കേഷൻ പ്രവർത്തികൾക്കായി അടിയന്തരമായി 130 ലക്ഷം രൂപയും അനുവദിച്ചു.

ഗുരുവായൂർ മണ്ഡലത്തിലെ മൂന്നാംകല്ല്‌ പാലം, മന്നലാംകുന്ന്‌ പാലം, കൈപ്പമംഗലം  പൊട്ടക്കടവ്‌  പാലം എന്നിവയുടെ  ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾക്കായി 18 .70ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി അറിയിച്ചു. തൃശൂർ റൗണ്ടിനെ തെക്ക് വടക്ക് ഭാഗത്തേക്കുള്ള യാത്രയ്ക്ക് ആശ്രയിക്കേണ്ടി വരുന്നത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നതെന്നും അതിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

പിഡബ്ല്യുഡി വർക്കുകളുടെ ഏകോപനവും മോണിറ്ററിങ്ങും പിഡബ്ല്യുഡി സൂപ്രണ്ട് എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിർമാണം കഴിഞ്ഞ ഉടൻ റോഡുകൾ പൊളിക്കേണ്ടി വരുന്ന സ്ഥിതി വകുപ്പുകളുടെ ഏകോപനം വഴി ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top