19 November Tuesday

കോവിഡ്‌ ബാധിച്ച 1106 ഗർഭിണികൾക്ക്‌ സുരക്ഷിതപ്രസവം: നേട്ടവുമായി മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 15, 2022

കോവിഡ്‌ ബാധിത ഗർഭിണികൾക്ക്‌ ചികിത്സാ സൗകര്യമൊരുക്കി നൽകിയ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ മെഡിക്കൽ ടീം

തൃശൂർ > കോവിഡ് ചികിത്സയിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട്‌ മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. കോവിഡ് ബാധിതരായ 1106 ഗർഭിണികൾക്കാണ് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സുരക്ഷിത പ്രസവത്തിന് സൗകര്യമൊരുക്കിയത്. 2020ൽ 291 പേർക്കും, 2021ൽ 736 പേർക്കും സുരക്ഷിത പ്രസവത്തിന് ആശുപത്രിയിൽ സൗകര്യമൊരുക്കി. 2022ൽ ഇതുവരെ 79 കോവിഡ് ബാധിതരാണ് പ്രസവത്തിനെത്തിയത്.

ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ ആർ രാധ, യൂണിറ്റ് മേധാവികളായ ഡോ. രാജേശ്വരിപിള്ള, ഡോ. റീന എന്നിവരുടെ നേതൃത്വത്തിലാണ് സൗകര്യങ്ങളൊരുക്കിയത്. മണിക്കൂറുകളോളം പിപിഇ കിറ്റ് ധരിച്ച്‌ ചികിത്സയൊരുക്കാൻ ഇവർക്ക് പുറമെ ഗൈനക്കോളജി വകുപ്പിലെ മറ്റു ഡോക്‌ടർമാർ, റസിഡന്റ് ഡോക്‌ടർമാർ, നഴ്‌സുമാർ, നഴ്‌സിങ് അസിസ്റ്റന്റ്, ഗ്രേഡ് 2 ക്ലീനിങ്‌ സ്റ്റാഫ് ഉൾപ്പെടെയുള്ളവരും ഭാഗമായി.

കോവിഡ്‌ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽതന്നെ രോഗം ബാധിച്ച്‌ പ്രസവത്തിനെത്തുന്നവർക്ക്‌ ആശുപത്രിയിൽ പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. സിസേറിയൻ വേണ്ടിവന്നവർക്ക് കോവിഡ് ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കി. അനസ്തേഷ്യ വിഭാഗത്തിന്റെയും, ശിശുരോഗ വിഭാഗത്തിന്റെയുംകൂടി സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയത്.

തൃശൂരിന്‌ പുറമെ പാലക്കാട്‌, മലപ്പുറം ജില്ലകളിലെയും ബഹുഭൂരിപക്ഷം പേരും ചികിത്സക്കായി ആശ്രയിക്കുന്നത് മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയെയാണ്. കോവിഡ്‌ ബാധിച്ച ഗർഭിണികൾക്ക്‌ സുഖകരമായ ചികിത്സാ സൗകര്യം ഒരുക്കി നൽകുന്നതിനൊപ്പം 3000ലേറെയുള്ള കോവിഡ്‌ ബാധിതരല്ലാത്ത ഗർഭിണികൾക്കും ആവശ്യമായ ചികിത്സയും ഈ കാലയളവിൽ ആശുപത്രിയിൽ ഒരുക്കി നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top