22 December Sunday

മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന : വിദ​ഗ്‌ധസമിതി 2 മാസത്തിനുള്ളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


തിരുവനന്തപുരം
13 വർഷത്തിനുശേഷം നടക്കാൻ പോകുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധനയ്ക്കുള്ള വിദ​ഗ്ധസമിതി രണ്ട് മാസത്തിനകം രൂപീകരിക്കും. കേരളവും തമിഴ്നാടും നിർദേശിക്കുന്ന വിദ​ഗ്‌ധരുടെ പാനലിൽനിന്നാകും സമിതിയെ തെരഞ്ഞെടുക്കുക.   സുപ്രീംകോടതി നിയമിച്ച  മേൽനോട്ട സമിതിയാണ് ഇതുസംബന്ധിച്ച  വിജ്ഞാപനമിറക്കേണ്ടത്‌.

വിദ​ഗ്‌ധ സമിതിയുടെ പരി​ഗണനാവിഷയങ്ങൾ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കാൻ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ദേശീയ അന്തർദേശീയതലത്തിൽ പ്രശസ്തനായ ശാസ്ത്രജ്ഞനോ എൻജിനിയറോ ആയിരിക്കും സമിതി അധ്യക്ഷൻ. നാലോ അഞ്ചോ അം​ഗങ്ങളാകും സമിതിയിലുണ്ടാകുക. മൂന്ന് മാസത്തിനുള്ളിൽ സമിതിയുടെ പ്രവർത്തനം ആരംഭിക്കും. 2011-ലെ സുരക്ഷാപരിശോധനയ്ക്കുശേഷം മുല്ലപ്പെരിയാർ ഉൾപ്പെടുന്ന മേഖലയിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. 2018-ലെ പ്രളയം അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷയെ ബാധിച്ചോ എന്നതടക്കം പരിശോധിക്കും. ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ സമഗ്രമായി പരിശോധിക്കണമെന്നതിനാൽ കൂടുതൽ സമയം വേണ്ടി വരും. ഡാമിലെ നിർമാണ വസ്തുക്കളടക്കം സാമ്പിൾ എടുത്താണ് പരിശോധിക്കുക. അണക്കെട്ട് തകർന്നാലോ, അപകടത്തിൽപെട്ടാലോ എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് അടിയന്തര കർമപദ്ധതി തയ്യാറാക്കാനും മേൽനോട്ട സമിതി നിർദേശം നൽകിയിട്ടുണ്ട്. പുതുക്കിയ ഡാം ബ്രേക്ക് അനാലിസിസിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പദ്ധതി തയ്യാറാക്കാൻ തമിഴിനാടിനാണ് നിർദേശം നൽകിയിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top