തിരുവനന്തപുരം
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പാട്ടക്കരാർ പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ വാദം 30ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അണക്കെട്ടിന് സമീപം കേരളം നിർമിക്കുന്ന മെഗാ കാർപാർക്ക് പദ്ധതിയെ 1886ലെ പാട്ടക്കരാർ ഉയർത്തി തമിഴ്‌നാട് ചോദ്യം ചെയ്‌തിരുന്നു. സ്ഥലം തങ്ങളുടേതാണെന്നാണ് തമിഴ്നാടിന്റെ വാദം. എന്നാൽ സർവേ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ സ്ഥലം കേരളത്തിന്റേതാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് 138 വർഷം പഴക്കമുള്ള പാട്ടക്കരാർ പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.
സംസ്ഥാനവും ഇന്ത്യയും രൂപീകരിക്കുംമുമ്പ് 999 വർഷത്തേക്ക് ഒപ്പിട്ട പാട്ടക്കരാർ നിലനിൽക്കില്ലെന്നാണ് കേരളം വാദിക്കുന്നത്. ഡാമിന്റെ സംഭരണശേഷി 142 അടിവരെയാക്കാം എന്നായിരുന്നു 2006 ലും 2014ലും സുപ്രീംകോടതിയുടെ നിരീക്ഷണം. 2018ലെ പ്രളയശേഷം കേരളം ആവശ്യപ്പെട്ടതനുസരിച്ച് സംഭരണശേഷി 139ൽ കൂടരുതെന്നും നിർദേശിച്ചു.
മുല്ലപ്പെരിയാറിൽ സമഗ്രസുരക്ഷാ പരിശോധന നടത്താൻ കേന്ദ്ര ജലകമീഷൻ തമിഴ്‌നാടിന് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ നടത്തി 12 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. 2021- ലെ ഡാം സുരക്ഷാ നിയമപ്രകാരം 2026-ലാണ് അടുത്ത പരിശോധന നടത്തേണ്ടതെന്ന തമിഴ്‌നാടിന്റെ വാദം തള്ളിയത് കേരളത്തിന് അനുകൂലമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..