20 December Friday

മുല്ലപ്പെരിയാർ അണക്കെട്ടിന് കല്ലിട്ടിട്ട് 137 വർഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

അണക്കെട്ടിന്റെ നിർമാണ ജോലികൾ ആരംഭിക്കുന്നു (അപൂർവ ചിത്രം)

കുമളി > മുല്ലപ്പെരിയാർ അണക്കെട്ടിന് ബ്രിട്ടീഷ് മിലിറ്ററി എൻജിനിയർ കേണൽ ജോൺ പെന്നിക്വിക്ക് അണക്കെട്ടിന് കല്ലിട്ടിട്ട് ഇന്ന് 137 വർഷം പൂർത്തിയാകുന്നു. 1887 സെപ്‌തംബർ 21നാണ് അണക്കെട്ടിന്റെ നിർമാണം ആരംഭിച്ചത്. 1886 ഒക്‌ടോബർ 29- നായിരുന്നു അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ നാട്ടുരാജ്യവും മദ്രാസ് പ്രസിഡൻസിയും കരാറിൽ ഒപ്പുവച്ചത്. സമുദ്രനിരപ്പിൽനിന്ന് 3,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വനമേഖല വന്യജീവികളുടെയും വിഷപ്പാമ്പുകളുടെയും വിഹാര കേന്ദ്രമായിരുന്നു.

അണക്കെട്ടിനുള്ള സ്ഥാനം ജോൺ പെന്നിക്വിക്ക് കണ്ടെത്തി നിർമാണം ആരംഭിക്കുകയായിരുന്നു. അണക്കെട്ടിന് 50 വർഷത്തെ കാലപരിധിയാണ് നിർമാണഘട്ടത്തിൽ നിശ്ചയിച്ചത്. മഴക്കാലത്ത് നിർമിച്ച അടിത്തറ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിനെ തുടർന്ന് അണക്കെട്ട് നിർമാണവുമായി മുന്നോട്ട് പോകരുതെന്ന് ബ്രിട്ടീഷ് സർക്കാർ  പെന്നിക്വിക്കിനോട് നിർദേശിച്ചു. സ്വദേശമായ ഇംഗ്ലണ്ടിലേക്ക് പോയ പെന്നിക്വിക്ക് തന്റെ വീടും  ഭൂസ്വത്തും വിറ്റ് പണം സ്വരൂപിച്ച് ഇന്ത്യയിൽ മടങ്ങിയെത്തി. ആത്മവിശ്വാസത്തോടെ വേനലിന്റെ തുടക്കത്തിൽ അണക്കെട്ടിന്റെ അടിത്തറ പണിതു. പിന്നീടുണ്ടായ കാലവർഷത്തിൽ അടിത്തറയ്ക്ക് ഇളക്കമുണ്ടായില്ല. ഇതോടെ  മദ്രാസ് സർക്കാർ ജോൺ പെന്നിക്വിക്കിനെ പിന്തുണച്ചു. ഇന്ത്യൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ പദവി വഹിച്ച ആദ്യ ഇന്ത്യക്കാരൻ എ വി രാമലിംഗ അയ്യരും മറ്റൊരു എൻജിനിയറായ എ ഡി മക്കെൻസിയും  പെന്നിക്വിക്കിനൊപ്പം പ്രവർത്തിച്ചു.  

"പെരിയാർ നദി പദ്ധതിയുടെ ചരിത്രം' 

എ ഡി മക്കൻസി എഴുതിയ "പെരിയാർ നദി പദ്ധതിയുടെ ചരിത്രം' എന്ന പുസ്തകത്തിൽ അണക്കെട്ട് നിർമാണത്തെക്കുറിച്ചും ജോൺ പെന്നിക്വിക്ക് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും വിവരിക്കുന്നുണ്ട്. കരിങ്കല്ല് ആറിഞ്ചുകനത്തിൽ പൊട്ടിച്ചെടുത്ത്, അടുക്കിവച്ച്, സുർക്കിയും മോർട്ടാറുമുപയോഗിച്ചാണ് അണക്കെട്ടു കെട്ടിപ്പൊക്കിയത്. നിർമാണ സാമഗ്രികളെത്തിക്കാൻ 90 അടി നീളമുള്ള തേക്കുമരങ്ങൾ വെട്ടിമാറ്റി ആനകളെ ഉപയോഗിച്ച് തൂണുകൾ സ്ഥാപിച്ച് റോപ്‌വേയുണ്ടാക്കി. കുന്നിൽനിന്ന് ഒരു 'റോപ്പ് വേ' നിർമിച്ചു, അതിൽ ചുണ്ണാമ്പുകല്ല് ബക്കറ്റുകൾ കെട്ടി. 90 അടി ഉയരത്തിൽ റോപ്‌വേയുടെ തൂണുകൾ സ്ഥാപിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. അണക്കെട്ട് നിർമിക്കാൻ വെള്ളപ്പൊക്കം തടയുന്നത് സാഹസികത നിറഞ്ഞ ജോലിയായിരുന്നെന്നും അദ്ദേഹം പറയുന്നു.

അണക്കെട്ട് നിർമാണത്തിന് ഉപയോഗിച്ച റോപ്പ്

അണക്കെട്ട് നിർമാണത്തിന് ഉപയോഗിച്ച റോപ്പ്

"മനുഷ്യനിർമിത അത്ഭുതം'

5000 തൊഴിലാളികൾ  പ്രതിസന്ധികൾ നേരിട്ട് ജോലി തുടർന്നു. അങ്ങനെ 1895-ൽ മുല്ലപ്പെരിയാർ അണക്കെട്ട് പൂർത്തിയായി. അന്നത്തെ കണക്ക് പ്രകാരം ആകെ 81.30 ലക്ഷം രൂപയാണ്  അണക്കെട്ടിന് ചെലവായത്. 1895 ഒക്ടോബർ 10-ന് മദ്രാസ് ഗവർണറായിരുന്ന വെൻലോക്ക് പ്രഭുവിന്റെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഔദ്യോഗികമായി തുറന്നു. പെരിയാർ അണക്കെട്ടിനെ "മനുഷ്യനിർമിത അത്ഭുതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തവണ അണക്കെട്ട് നിർമാണദിനം എത്തുന്നത്.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top