24 November Sunday

മുനമ്പം ; സർക്കാർ ജനങ്ങൾക്കൊപ്പം , മുതലെടുപ്പുകാർ വസ്തുത മറയ്ക്കുന്നു : മന്ത്രി അബ്ദുറഹിമാൻ

ദിനേശ്‌ വർമUpdated: Thursday Nov 14, 2024


തിരുവനന്തപുരം
മുനമ്പത്തെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട്‌ വിവാദം കുത്തിപ്പൊക്കി മുതലെടുപ്പ്‌ നടത്താൻ ശ്രമിക്കുന്നവർ വസ്തുത മറച്ചുവയ്ക്കുകയാണെന്ന്‌ മന്ത്രി അബ്ദുറഹിമാൻ. യാഥാർഥ്യം എല്ലാവരും മനസ്സിലാക്കണം. കാലങ്ങളായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമായി പല കോടതി വിധികളുള്ള പ്രശ്നമാണിത്‌. ഇപ്പോൾ എൽഡിഎഫ്‌ സർക്കാർ ഉണ്ടാക്കിയ എന്തോ പ്രശ്‌നമാണെന്ന തരത്തിലാണ് ചിലർ പ്രതികരിക്കുന്നത്. ഇവരുടെ ലക്ഷ്യം പ്രശ്‌നപരിഹാരമല്ല. സർക്കാർ ലക്ഷ്യമിടുന്നത്‌ ശാശ്വത പരിഹാരമാണ്‌. അത്‌ നിയമപരമായും എല്ലാവരുടേയും സഹകരണത്തോടെയും ചെയ്യേണ്ടതാണെന്ന ബോധ്യം സർക്കാരിനുണ്ടെന്നും മന്ത്രി ‘ദേശാഭിമാനി ’ യോട്‌ പറഞ്ഞു.

ഒരാളെപോലും കുടിയിറക്കില്ല. ഇത്രയൊക്കെ തർക്കം നിലനിൽക്കുമ്പോഴും അവിടത്തെ താമസക്കാർ ഭൂനികുതി അടച്ചത്‌ അംഗീകരിക്കുകയാണ്‌ സർക്കാർ ചെയ്തത്‌. എന്നാൽ, കോടതി അത്‌ തടഞ്ഞു. സർക്കാരിന്റെ നിലപാടും നിയമ പ്രശ്നത്തിന്റെ രൂക്ഷതയും ഇതിൽ നിന്നുതന്നെ വ്യക്തമാണ്‌. ലീ​ഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ സമയത്താണ്‌ മുനമ്പം ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത്‌. അന്ന്‌ നാട്ടുകാരെ വിളിച്ചുകൂട്ടി ഈ ഭൂമിയുമായി ബന്ധപ്പെട്ട വസ്തുത ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം അവർക്കുണ്ടായിരുന്നു. എന്തുകൊണ്ടാണ്‌ അവർ അത്‌ പറയാത്തത്‌. ഫാറൂഖ്‌ കോളേജിന്‌ വിദ്യഭ്യാസ ആവശ്യത്തിനായി ദൈവത്തിന്റെ പേരിൽ വഖഫ്‌ ചെയ്ത ഭൂമി എന്ന്‌ ആധാരത്തിലുണ്ടായിരുന്നത്‌ പിന്നീട്‌ ‘കൈമാറ്റം ചെയ്യാവുന്ന വഖഫ്‌ ഭൂമി’ എന്ന്‌ എഴുതിച്ചേർക്കാൻ ഇടയായത്‌ എങ്ങിനെയാണ്‌. വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയതും ലീഗല്ലാതെ മറ്റാരുമല്ല. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ അടക്കം യുഡിഎഫ്‌ നേതാക്കൾ ദിവസേന സർക്കാരിനെ കുറ്റപ്പെടുത്തുമ്പോൾ ഈ യാഥാർഥ്യം മറച്ചു വയ്ക്കുകയാണ്‌.

താമസക്കാരെ കുടിയൊഴിപ്പിക്കണമെന്ന്‌ വഖഫോ, കോളേജ്‌ മാനേജ്‌മെന്റോ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, ഭൂമി കൈവശമുള്ളവർക്ക്‌ അത്‌ നിയമപരമായി ഉപയോഗിക്കാൻ കഴിയുന്നില്ല. എല്ലാത്തിനും കൃത്യമായ രേഖ ഉണ്ട്‌. അതുകൊണ്ട്‌, നിയമത്തിനുള്ളിൽ നിന്നുകൊണ്ടുള്ള പരിഹാരത്തിനാണ്‌ ശ്രമം. ഈ മാസം 22ന്‌ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം എറണാകുളം ഗസ്റ്റ് ഹൗസിൽ സമരസമിതിക്കാർ വന്നുകണ്ടപ്പോൾ ശാശ്വത പരിഹാരത്തിനാണ്‌ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി അവരോട്‌ പറഞ്ഞു. സമര നേതാക്കളും അനുകൂല നിലപാട്‌ അറിയിച്ചിട്ടുണ്ട്‌.

വളരെ സമാധാനപൂർവം തികഞ്ഞ സഹകരണത്തോടെ എല്ലാ സമുദായത്തിലുള്ളവരും ഒരുമിച്ച്‌ താമസിക്കുന്ന ഇടമാണ്‌ കേരളം. ആ അന്തരീക്ഷത്തിന്‌ കോട്ടം തട്ടുന്ന ഒരു നീക്കത്തിനും ആരും പിന്തുണ നൽകരുത്‌. ഇതൊരു രാഷ്ട്രീയ വിഷയമേയല്ല. പക്ഷേ, അത് കത്തിച്ച്‌ നിർത്താൻ ചിലർക്ക്‌ താൽപ്പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top