കൊച്ചി > മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചതായി സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രം നൽകിയ കത്ത് സർക്കാർ ഹാജരാക്കി.
വയനാട്ടിലുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ്‍ക്യൂറി രഞ്ജിത് തമ്പാൻ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. വിഷയത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകിയിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമതിയുടെ കൂടിയാലോചന നടക്കുകയാണെന്നാണ് നേരത്തെ കേന്ദ്രം മറുപടി നൽകിയത്.
എന്നാൽ വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കേരളത്തെ അറിയിച്ചത്. ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം അറിയിച്ചത്. കേരളം ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം കേന്ദ്രം നിരാകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..