22 November Friday

കുട്ടികളുടെ ടീച്ചർമാരിനി 
മുണ്ടക്കൈയിലുണ്ടാകും

അജ്‌നാസ്‌ അഹമ്മദ്‌Updated: Tuesday Sep 3, 2024

മേപ്പാടിയിൽ ആരംഭിച്ച മുണ്ടക്കൈ ഗവ. എൽപി സ്‌കൂളിലെത്തിയ അശ്വതി ടീച്ചർ കുട്ടികളെ 
വാരിപ്പുണരുന്നു 



മേപ്പാടി
പുനഃപ്രവേശനോത്സവത്തിൽ മേപ്പാടിയിലെ മുണ്ടക്കൈ സ്‌കൂളിലെത്തിയ കുരുന്നുകൾ തങ്ങളുടെ പഴയ അശ്വതി ടീച്ചറെ കണ്ടതോടെ ഓടിയെത്തി കെട്ടിപ്പിടിച്ചു.  വിദ്യാർഥികളെ മക്കളെപ്പോലെ വാരിപ്പുണർന്നു. അധ്യാപികയുടെയും വിദ്യാർഥികളുടെയും കണ്ണുകൾ ഈറനായി.‘ടീച്ചർ വരുമോ ഞങ്ങളെ പഠിപ്പിക്കാൻ’ കുട്ടികളുടെ ചോദ്യത്തിന്‌  അശ്വതി ടീച്ചർക്ക്‌ ഉത്തരമുണ്ടായില്ല. കണ്ണ്‌ തുടച്ച്‌ മാറിനിന്നു. ശാലിനി ടീച്ചറെക്കുറിച്ചും അവർ ചോദിച്ചുകൊണ്ടേയിരുന്നു.  ചോദ്യത്തിന്‌ പിന്നീട്‌ ഉത്തരം പറഞ്ഞത്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്‌. 

പ്രിയപ്പെട്ട അധ്യാപകരെ  തിരിച്ചെത്തിക്കാമെന്ന്‌ പ്രവേശനോത്സവം ഉദ്‌ഘാടനംചെയ്‌ത്‌  മന്ത്രി അറിയിച്ചു.  കുരുന്നുകൾക്ക്‌ വിലമതിക്കാത്ത സമ്മാനമായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ്‌ സ്ഥലംമാറിപ്പോയ രണ്ട്‌ അധ്യാപകരെയും  തിരികെയെത്തിക്കുന്നത്‌.  രണ്ടു വർഷത്തിലേറെയായി മുണ്ടക്കൈ ഗവ. എൽപിയിൽ പഠിപ്പിച്ചിരുന്നവരായിരുന്നു അശ്വതിയും ശാലിനിയും. കഴിഞ്ഞ ജൂലൈയിലാണ്‌  അശ്വതി  മേപ്പാടി ഗവ. എൽപിയിലേക്കും ശാലിനി മീനങ്ങാടി ഗവ. എൽപിയിലേക്കും മാറിയത്‌.  പ്രവേശനോത്സവത്തിൽ അശ്വതി ടീച്ചർ മുണ്ടക്കൈ സ്‌കൂൾ പ്രവർത്തിക്കുന്ന എ പി ജെ ഹാളിൽ എത്തിയതായിരുന്നു. പുതിയ സ്‌കൂളിൽ പഴയ അധ്യാപികയെ കണ്ടതോടെ കുട്ടികളുടെ കണ്ണുകൾ നിറഞ്ഞു. സ്‌കൂളിൽനിന്നും പോയതുമുതൽ ഇവർ ടീച്ചർമാരെ തിരികെ വിളിക്കുന്നതാണ്‌.  കൽപ്പറ്റ എമിലി സ്വദേശികളായ അധ്യാപികമാർ യാത്രാസൗകര്യം ഉൾപ്പെടെ കണക്കിലെടുത്തായിരുന്നു സ്‌കൂൾ മാറിയത്‌. കുട്ടികളോടൊപ്പം തങ്ങളുണ്ടാകണമെന്ന ആവശ്യമുയർന്നപ്പോൾ അസൗകര്യങ്ങളെല്ലാം മറന്നാണ്‌  ഒപ്പംചേരാൻ തയ്യാറായത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top