22 November Friday

"സ്‌നേഹമൂട്ടിയ നാടിനെ 
എങ്ങനെ മറക്കും"

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

എൻ പി ശശി ചൂരൽമലയിൽ 
രക്ഷാപ്രവർത്തനത്തിൽ

ചൂരൽമല > ഉരുൾപൊട്ടിയെന്നറിഞ്ഞ നിമിഷം അബൂബക്കറിന്റെ മുഖമാണ്‌ ശശിയുടെ മനസ്സിൽ ആദ്യമെത്തിയത്‌. സ്‌നേഹം മാത്രം വിളമ്പിയ കടയും നാടുമാണ്‌ ഒലിച്ചുപോയതെന്നറിഞ്ഞപ്പോൾ ശശിക്ക്‌ ഇരിപ്പുറച്ചില്ല. മുണ്ടക്കൈയുമായി താമരശേരി സ്വദേശി ശശിക്ക്‌ അത്രമേൽ ഹൃദയബന്ധമുണ്ട്‌. ഒന്നര വർഷത്തോളം മുണ്ടക്കൈ ബസിന്‌ വളയംപിടിച്ചത്‌ ശശിയാണ്‌. കണ്ടക്ടറായി യൂനുസും. അവസാന ട്രിപ്പ്‌ സ്‌റ്റേ സർവീസായതിനാൽ പാടിയിലെ മുറിയിൽ തങ്ങും. പുറംലോകത്തേക്ക്‌ കെഎസ്‌ആർടിസി അല്ലാതെ മറ്റ്‌ മാർഗങ്ങളില്ലാതിരുന്ന നാടിന്‌ ബസും ജീവനക്കാരും ഏറെ പ്രിയപ്പെട്ടവർ.  അബൂബക്കറിന്റെ കടയിലെ കടുപ്പമുള്ള ചായ കുടിച്ചാണ്‌ രാവിലെ അഞ്ചിനുള്ള ആദ്യ സർവീസ്‌. നാട്ടുകാരുമായുള്ള ബന്ധം പലവീടുകളിലെയും വിവാഹങ്ങളിലും ആഘോഷങ്ങളിലും ശശിയെ പങ്കാളിയാക്കി.

മൂന്നുവർഷംമുമ്പ്‌ വെഹിക്കിൾ സൂപ്പർവൈസറായി കോഴിക്കോട്ടേക്ക്‌ പോന്നെങ്കിലും മുണ്ടക്കൈയുമായുള്ള ബന്ധം തുടർന്നു. ആറുമാസം മുമ്പും ഇവിടെ മരണാനന്തരച്ചടങ്ങിന്‌ എത്തി. വീട്ടുകാരനെപ്പോലെ സ്‌നേഹിച്ച നാടെന്ന്‌ ശശി മുണ്ടക്കൈയെ അടയാളപ്പെടുത്തുന്നു. ചൊവ്വ രാവിലെ വിവരമറിഞ്ഞയുടൻ അവധിയെടുത്ത്‌ രക്ഷാപ്രവർത്തനത്തിന്‌ ശശിയുണ്ട്‌. മുണ്ടക്കൈയുടെ മുക്കും മൂലയും ഹൃദിസ്ഥമായതിനാൽ അഗ്നിരക്ഷാസേന, ട്രോമാകെയർ എന്നിവർക്ക്‌ കൃത്യമായി സ്ഥലം പറഞ്ഞുകൊടുക്കാനുമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top