തൃശൂർ
ബിജെപിക്ക് വോട്ട് മറിച്ച് തൃശൂരിൽ കെ മുരളീധരനെ മൂന്നാംസ്ഥാനത്താക്കിയതിൽ കെപിസിസി സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ നടപടിയില്ലാത്തത് കോൺഗ്രസിൽ പിരിമുറക്കം രൂക്ഷമാക്കുന്നു. ഇതിന്റെ രോഷം ബുധനാഴ്ച കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിൽ കെ മുരളീധരൻ പ്രകടിപ്പിച്ചു. തൃശൂരിൽ തോറ്റശേഷം പാർടി പരിപാടികളിൽനിന്ന് മാറിനിന്ന മുരളീധരൻ ആദ്യമായി പങ്കെടുത്ത പരിപാടിയിൽ കെപിസിസി നേതാക്കൾക്കെതിരെ പരസ്യമായി ആഞ്ഞടിച്ചു. തൃശൂരിൽ കൊണ്ടുപോയി തന്നെ തോൽപ്പിച്ചുവെന്നാണ് പരാതി. വോട്ട് മറിച്ചതിന് പുറമെ 56,000 വോട്ട് ബിജെപിക്കാർക്കായി ചേർത്തതും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ, എക്‌സി. അംഗം അനിൽ അക്കര, ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാനായിരുന്ന എം പി വിൻസന്റ്, ചില ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്യുന്നതാണ് കെപിസിസി സമിതി റിപ്പോർട്ട്. ഇത് സമർപ്പിച്ചിട്ട് ഒരു മാസത്തിലധികമായെങ്കിലും നടപടിയായിട്ടില്ല. മുരളീധരൻ നിലപാട് കർക്കശമാക്കിയതോടെ 20ന് എറണാകുളത്ത് കെപിസിസി എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. ഇതിലും തീരുമാനമായില്ലെങ്കിൽ മുരളീധരൻ നിലപാട് പ്രഖ്യാപിച്ചേക്കും. മുരളീധരൻപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ വ്യാഴാഴ്ച ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്‌ഠൻ ജില്ലാ നേതൃയോഗം വിളിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..