ചടയമംഗലം > നിലമേൽ എൻഎസ്എസ് കോളേജിൽ ഓണാഘോഷത്തിനിടെ സഹപാഠിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി പിടിയിൽ. ബിഎ ഇക്കണോമിക്സ് രണ്ടാംവർഷ വിദ്യാർഥിയായ നിലമേൽ മുളയക്കോണം രതീഷ് ഭവനിൽ രാകേഷാ (24) ണ് അറസ്റ്റിലായത്. ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മലയാളം ബിരുദ രണ്ടാംവർഷ വിദ്യാർഥി മടവൂർ കൃഷ്ണവിലാസത്തിൽ ആരോമലി (19)നാണ് തലയ്ക്കും മൂക്കിനും പരിക്കേറ്റത്. തുടർന്ന് കടയ്ക്കൽ താലൂക്കാശുപത്രിയിലും കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും കിംസാറ്റ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
കോളേജിൽ ഓണാഘോഷം നടന്ന 13നാണ് സംഭവം. നിലമേലിലെ യൂത്ത് കോൺഗ്രസ് നേതാവും കെഎസ്‌യു എൻഎസ്എസ് കോളേജ് വൈസ് പ്രസിഡന്റുമാണ് പ്രതി രാകേഷ്. ഓണാഘോഷ പരിപാടികൾ അലങ്കോലപ്പെടുത്താൻ രാകേഷ് ശ്രമിച്ചിരുന്നു. ആരോമലിന്റെ നേതൃത്വത്തിൽ നല്ലരീതിയിൽ പരിപാടി സംഘടിപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് ആളൊഴിഞ്ഞസ്ഥലത്ത് എത്തിച്ച് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ഒളിവിൽപോയ രാജേഷിനെ ആയൂർ ബാറിൽനിന്നാണ് പൊലീസ് പിടികൂടിയത്. ചടയമംഗലം എസ്എച്ച്ഒ സുനീഷ്, എസ്ഐമാരായ മോനിഷ്, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..