31 October Thursday

ഉമർ ഫൈസിക്ക് മുശാവറയുടെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

മലപ്പുറം> മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശത്തിന്റെ പേരിൽ ഉമർ ഫൈസി മുക്കത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ലീഗ് നീക്കത്തിന് തിരിച്ചടി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗങ്ങളായ ഒമ്പതുപേർ ഉമർ ഫൈസിയെ പിന്തുണച്ച് സംയുക്ത പ്രസ്താവനയിറക്കി.

സാദിഖലി തങ്ങൾ ഖാസിയാകാൻ യോഗ്യനല്ലെന്ന ഉമർ ഫൈസിയുടെ പരാമർശത്തിനെതിരെ യൂത്ത് ലീഗ് നേതാവ് മലപ്പുറം എസ്‌പിക്ക് പരാതി നൽകിയിരുന്നു. നടപടി ആവശ്യപ്പെട്ട് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും  എം കെ മുനീർ എംഎൽഎയും രംഗത്ത് എത്തുകയും ചെയ്തു. ഇതിനുപിറകെയാണ് മുശാവറ അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.

മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴയ്ക്കുന്നത്‌ ഖേദകരമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഉമർ ഫൈസിക്കെതിരായ ദുഷ്‌പ്രചാരണങ്ങളും കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ല.

സമസ്‌ത പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പണ്ഡിതന്മാർക്കും സംഘടനക്കും നേരെ  ദുഷ്‌പ്രചാരണം നടക്കുകയാണ്. ലീഗ് ജനറൽ സെക്രട്ടറി ഉൾപ്പെടെ നിരന്തരം ഇതാവർത്തിക്കുന്നതിൽ സമസ്‌ത പ്രതിഷേധം അറിയിച്ചു. ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. സിഐസി വിഷയത്തിൽ തീരുമാനങ്ങൾ നടപ്പാക്കിയില്ല.  മാറ്റിനിർത്തപ്പെട്ടയാളെ വീണ്ടും ജനറൽ സെക്രട്ടറിയായി അവരോധിച്ചത് ശരിയായില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

ബന്ധമില്ലെന്ന് പറഞ്ഞാൽപോര; ഗൗരവമായി കാണും: കുഞ്ഞാലിക്കുട്ടി

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം നടത്തിയ പരാമർശത്തിൽ സമസ്തക്ക് ബന്ധമില്ലെന്നുമാത്രം പറഞ്ഞാൽ പോരെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് അവസാനം ബന്ധമില്ലെന്ന് പറഞ്ഞാൽമാത്രം പോര. കാര്യങ്ങൾ സമസ്ത നേതൃത്വവുമായി സംസാരിക്കേണ്ടതുണ്ട്.

ഇത്തരം പ്രസ്താവനകൾ ഗൗരവതരമാണ്. ഇതിലൊക്കെ സമസ്തയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടിവരും എന്നേ ഇപ്പോൾ പറയുന്നുള്ളൂ. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം നോക്കിയാൽ ഇതൊന്നും സംഭവിക്കാൻ പാടില്ല. മുൻകാലങ്ങളിൽ സംഭവിച്ചിട്ടുമില്ല. ഇത് ഗൗരവമായി കാണുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top