തൃശൂർ > കേരളത്തിലെ സംഗീത ആൽബം റെക്കോഡിങ് ലോസ് ഏഞ്ചൽസിൽ. ലോകപ്രശസ്‌തമായ വില്ലേജ് സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. ഓസ്കാർ നേടിയ സിനിമകളിൽ പങ്കാളികളായ ഹോളിവുഡിലെ ഏറ്റവും മികച്ച 25 സംഗീതജ്ഞരാണ് അണിനിരന്നത്. ഗ്രാമി അവാർഡ് ജേതാവ് വയലിനിസ്റ്റ് മനോജ് ജോർജാണ് ഓർക്കസ്‌ട്ര നയിച്ചത്. കർണാടകസംഗീതത്തിനൊപ്പം പാശ്‌ചാത്യ സംഗീതവും ലയിച്ചതാണ് ഈ അന്തർദേശീയ ആത്മീയ സംഗീത ആൽബം. 100 വൈദികരും 100 കന്യാസ്‌ത്രീകളും മറ്റു ഗായകരും ചേർന്നാലപിക്കുന്ന സംഗീത ആൽബം എന്നതും പ്രത്യേകതയാണ്.
കർണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ ഫാ. പോൾ പൂവത്തിങ്കലാണ് ആൽബം സംവിധാനം ചെയ്യുന്നത്. സംസ്‌കൃത പണ്ഡിതൻ പ്രൊഫ. പി സി ദേവസ്യയുടെ ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തിലെ ‘അസ്മാകം താത സർവേശ’ (സ്വർഗസ്ഥനായ പിതാവേ ) എന്നു തുടങ്ങുന്ന വരികളാണ് ആൽബമാക്കുന്നത്.
സംഗീത ശിൽപ്പത്തിന്റെ ഒന്നാം ഭാഗം റെക്കോഡിങ് തൃശൂർ ചേതന സ്റ്റുഡിയോയിലും രണ്ടാംഭാഗം എറണാകുളത്തെ സിഎസി സ്റ്റുഡിയോയിലും പൂർത്തിയായിരുന്നു. മൂന്നാം ഭാഗമായ വെസ്റ്റേൺ ഓർക്കസ്ട്രയുടെ റെക്കോഡിങ്ങാണ് വില്ലേജ് സ്റ്റുഡിയോയിൽ പൂർത്തിയായത്. നാലാമത്തെ ഘട്ടം യേശുദാസിനൊപ്പം ഫ്ലോറിഡയിലെ ഒർലാൻഡോയിൽ ആയിരിക്കുമെന്ന് ഫാ. പോൾ പൂവത്തിങ്കൽ പറഞ്ഞു. ലോകോത്തര സംഗീത സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..