23 December Monday
അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ 
 നടപടിയില്ല

സ്വർണക്കടത്തുകാരെ 
ചിറകിലൊളിപ്പിച്ച്‌ ലീഗ്‌ ; കേസിൽ അറസ്റ്റിലായ ആളെ യൂത്ത് ലീഗ് 
മലപ്പുറം ജില്ലാ സെക്രട്ടറിയാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


മലപ്പുറം
സ്വർണക്കടത്ത്‌ കേസിൽ അറസ്റ്റിലായവർക്ക്‌ രക്ഷാകവചമൊരുക്കി മുസ്ലിംലീഗ്‌. ജില്ലാ പഞ്ചായത്ത്‌ തിരുന്നാവായ ഡിവിഷൻ അംഗവും ലീഗ്‌ തിരൂർ മണ്ഡലം ട്രഷററുമായ ഫൈസൽ ഇടശേരി സ്വർണക്കടത്ത്‌ കേസിൽ അറസ്റ്റിലായിട്ടും അയാളെ ഒപ്പംകൂട്ടുന്ന നിലപാടാണ്‌ ലീഗിന്‌. സ്വർണക്കടത്തിൽ അറസ്റ്റിലായ സി എച്ച് അബ്ദുൾകരീമിനെ യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാക്കിയാണ്‌ നേതൃത്വം സ്‌നേഹം പ്രകടിപ്പിച്ചത്‌. കരിപ്പൂർ വിമാനത്താവളംവഴിയുള്ള സ്വർണക്കടത്തിൽ പി വി അൻവർ എംഎൽഎയുടെ ആരോപണം പിൻപറ്റി സർക്കാരിനെതിരെ സമരരംഗത്തിറങ്ങിയ ലീഗിന്‌ സ്വന്തം നേതാക്കളുടെ കാര്യത്തിൽ മിണ്ടാട്ടമില്ല.

കഴിഞ്ഞവർഷം ആഗസ്ത്‌ 23ന്‌ ദുബായിൽനിന്ന് എമിറേറ്റ്‌സ്‌ വിമാനത്തിൽ നെടുമ്പാശേരിയിൽ  എത്തിയ ഫൈസലിന്റെ ബാഗിൽനിന്ന്‌ 48 ലക്ഷം രൂപയുടെ സ്വർണ ബിസ്‌കറ്റുകളാണ്‌ കസ്റ്റംസ്‌ പിടിച്ചത്‌. എന്നാൽ, ലീഗ്‌ നേതൃത്വം കസ്റ്റംസിൽ സ്വാധീനം ചെലുത്തി  സംഭവം  പൂഴ്‌ത്തി. പത്രവാർത്തയാകാതിരിക്കാനും ഇടപെടലുണ്ടായി. സ്വർണക്കടത്ത്‌ വീണ്ടും ചർച്ചയായതോടെയാണ്‌ കേസ്‌ വിവരം  പുറത്തറിഞ്ഞത്‌. എന്നിട്ടും ഫൈസലിനെതിരെ നടപടിക്ക്‌ ലീഗ്‌ തയ്യാറായിട്ടില്ല. ബുധനാഴ്‌ച നടന്ന ജില്ലാ പഞ്ചായത്ത്‌ യോഗത്തിലും പങ്കെടുത്തു.

യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റായിരിക്കെയാണ് സി എച്ച് അബ്ദുൾകരീം സ്വർണക്കടത്ത് കേസിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലായത്. അന്ന് വിവാദമായതോടെ ഭാരവാഹിത്വത്തിൽനിന്ന് മാറ്റി. എന്നാൽ, പി കെ ഫിറോസ്‌ ഇടപെട്ട്‌ ജില്ലാ സെക്രട്ടറിയാക്കി. സ്വർണക്കടത്ത് വിഷയത്തിൽ ലീഗ് നടത്തുന്ന സമരങ്ങളിൽ ഇയാൾ സജീവ സാന്നിധ്യമാണ് എന്നതാണ്‌ മറ്റൊരു തമാശ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top