22 December Sunday
ജില്ലാ ബാങ്ക്‌ കേരള ബാങ്കിൽ ലയിക്കുന്നതിനെ ലീഗ്‌ എതിർത്തതിന്‌ പിന്നിൽ തട്ടിപ്പ്‌ പുറത്താകുമെന്ന പേടി

ലീഗ്‌ നേതാവിന്റെ വായ്‌പ തട്ടിപ്പ്‌ ; കേരള ബാങ്ക്‌ 
അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Saturday Aug 31, 2024


മലപ്പുറം
മലപ്പുറം ജില്ലാ സഹകരണ ബാങ്കായിരിക്കെ എടക്കര ശാഖയിൽനിന്ന് കോടികളുടെ വായ്‌പയെടുത്ത്‌ തട്ടിയ സംഭവത്തിൽ കേരള ബാങ്ക്‌ ആഭ്യന്തര പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങി. കേരള ബാങ്ക്‌ (ബാങ്കിങ്) ഡിജിഎം രാധാകൃഷ്‌ണൻ, എജിഎം നൗഷാദ്‌,  സീനിയർ മാനേജർ (പരിശോധന) അനിൽ കുമാർ എന്നിവരർ കേരള ബാങ്ക്‌ ഹെഡ്‌ ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. തട്ടിപ്പ് നടന്ന ബാങ്ക്‌ ശാഖകൾ വരും ദിവസങ്ങളിൽ  അന്വേഷകസംഘം സന്ദർശിക്കും.

ജില്ലാ സഹകരണ ബാങ്ക്‌ ആയിരിക്കെ നടന്ന കോടികളുടെ വായ്‌പാ തട്ടിപ്പിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം നടന്നിട്ടില്ല. കാലങ്ങളായി ലീഗ്‌ നിയന്ത്രണത്തിലായതിനാൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ ബാങ്ക്‌ ഭരണസമിതി സ്വീകരിച്ചത്‌. മുഖ്യ പ്രതിയും ലീഗ്‌ നേതാവുമായ ഇസ്‌മായിൽ മൂത്തേടം ബാങ്ക്‌ ഡയറക്ടർ ബോർഡ്‌ അംഗവുമായിരുന്നു. ജില്ലാ സഹകരണ ബാങ്ക്‌ കേരള ബാങ്കിൽ ലയിക്കുന്നതിനെ ലീഗ്‌ എതിർത്തതിന്റെ പ്രധാന കാരണവും ഇതായിരുന്നു. കേരള ബാങ്ക്‌ ലയനത്തിനെതിരെ രൂപീകരിച്ച യുഡിഎഫ്‌ സഹകരണ സെല്ലിന്റെ സംസ്ഥാന കൺവീനറും ഇസ്‌മായിലായിരുന്നു.

ജില്ലാ സഹകരണ ബാങ്ക്‌ കേരള ബാങ്കിൽ ലയിച്ചതോടെയാണ്‌ വായ്‌പാ തട്ടിപ്പിൽ ആഭ്യന്തര അന്വേഷണത്തിന്‌ വഴിതെളിഞ്ഞത്‌.  തട്ടിപ്പിൽ ബാങ്കിലെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി വിജിലൻസ്‌ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. ഇതിൽ  എടക്കര ശാഖാ മാനേജർ തോമസ്‌ കുട്ടി, മുൻ ജനറൽ മാനേജർ പി എം ഫിറോസ്‌ ഖാൻ എന്നിവർ പ്രതികളാണ്‌. തോമസ്‌ കുട്ടി ഇപ്പോഴും ഇതേ ശാഖയിൽ മാനേജരായി തുടരുകയാണ്‌. ഇവരെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്‌. വായ്‌പാ തട്ടിപ്പിൽ സഹകരണവകുപ്പ്‌ വിജിലൻസ്‌ വിഭാഗം അന്വേഷണം നടത്തി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌.

ഇസ്‌മായിലിനെ 
ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി
വായ്‌പാ തട്ടിപ്പിന്‌ അന്വേഷണം നേരിടുന്ന മുസ്ലിംലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായിൽ മൂത്തേടത്തിനെ മൂത്തേടം സഹകരണ അർബൻ സംഘം ഡയറക്ടർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഇസ്മായിൽ  ദീർഘകാലം പ്രസിഡന്റും ക്ലാസ്‌ ഒന്ന്‌ അംഗവുമായ  സഹകരണ സംഘത്തിന്റെ ഭരണസമിതിയിൽനിന്നാണ് അയോഗ്യനാക്കി സഹകരണ വകുപ്പ് ഉത്തരവിട്ടത്. ബാങ്കിൽ വായ്‌പാ ഇനത്തിൽ ലക്ഷങ്ങൾ കുടിശ്ശിക വരുത്തിയതും ഒന്നിലേറെ സഹകരണ സംഘങ്ങളുടെ ഭരണസമിതി അംഗമായി തുടരുന്നതും ചൂണ്ടിക്കാട്ടിയാണ്‌ നടപടി. നിലമ്പൂർ അസി. രജിസ്ട്രാർ (ജനറൽ), മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്രാർ, ജില്ലാ സഹകരണ ബാങ്ക് സ്പെഷ്യൽ സെയിൽ ഓഫീസർ എന്നിവർ സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടി. 

വായ്പകൾ കുടിശ്ശിക വരുത്തിയശേഷം സഹകരണ വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ  വലിയ തുകയുടെ ആനുകൂല്യം കൈപ്പറ്റിയ ഇസ്‌മായിൽ ഈ വസ്‌തുക്കൾ  വീണ്ടും പണയപ്പെടുത്തി ലക്ഷങ്ങൾ വായ്പയെടുത്തതായി കണ്ടെത്തി. ഈ വായ്‌പകളും കുടിശ്ശികയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top