22 December Sunday

ലീഗിന്റെ വായ്‌പാ തട്ടിപ്പ്‌: റബർ കമ്പനിയുടെ മറവിലും കോടികൾ തട്ടി

സ്വന്തം ലേഖകൻUpdated: Sunday Sep 1, 2024

എടക്കര> മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം പ്രസിഡന്റായി രജിസ്റ്റർചെയ്ത റബർ കമ്പനിയുടെ മറവിൽ നടന്നത്‌ കോടികളുടെ തട്ടിപ്പ്. റബർ തടി സംസ്കരണ ഫാക്ടറി തുടങ്ങാനെന്ന പേരിൽ ലക്ഷങ്ങളാണ് ലീഗ്‌ അണികളിൽനിന്നും നിക്ഷേപമായി വാങ്ങിയത്. 2004ൽ പ്രഖ്യാപിച്ച ഫാക്ടറി 20 വർഷം കഴിഞ്ഞിട്ടും തുടങ്ങുകയോ പിരിച്ച തുക ഓഹരി ഉടമകൾക്ക്‌ തിരിച്ചുനൽകുകയോ ചെയ്‌തിട്ടില്ല.

മൂത്തേടം പഞ്ചായത്തിൽ 2004 ആഗസ്ത് 29നാണ് മലപ്പുറം ഡിസ്ട്രിക്ട് റബർ ബേസ്ഡ് ഇൻഡസ്ട്രിയൽ സഹകരണ സൊസൈറ്റി തുടങ്ങിയത്. റിൻകോസ് എന്ന ചുരുക്കപ്പേരിൽ 25 കോടി മുതൽമുടക്കുള്ള റബർ തടി സംസ്കരണ ഫാക്ടറി നാരങ്ങാപ്പൊട്ടിയിൽ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിൽനിന്ന് ഓഹരിയായി 7,25,000 രൂപയും സർക്കാർ ഓഹരി പങ്കാളിത്തമായി 50,000 രൂപയും വാങ്ങി. ഇതിന്‌ പുറമെയാണ്‌ ലീഗ്‌ അനുഭാവികളിൽനിന്ന്‌ ലക്ഷങ്ങൾ പിരിച്ചത്‌.

അന്നത്തെ യുഡിഎഫ് സർക്കാരിലെ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് കല്ലിടല്‍ നടത്തിയത്. ഓഫീസ് പോലും ആരംഭിക്കാതെ എടക്കരയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു ഉദ്‌ഘാടനച്ചടങ്ങ്‌.ഫാക്ടറി സ്ഥാപിക്കാൻ മൂന്ന് ഏക്കറാണ്‌ വാങ്ങിയത്‌.

കാടുമൂടിക്കിടന്ന ഈ ഭൂമി അടുത്തിടെ 90 ലക്ഷത്തിന്‌ ലീഗ്‌ നേതാവിന്‌ മറിച്ചുവിറ്റു. ഇതിൽ 60 ലക്ഷം മൂത്തേടം അർബൻ സഹകരണ ബാങ്കിൽ ലീഗ്‌ നേതാവിന്റെ അക്കൗണ്ടിലാണ്‌ നിക്ഷേപിച്ചത്‌. റബർ കമ്പനിയുടെ പണം എങ്ങനെ നേതാവിന്റെ അക്കൗണ്ടിലെത്തി എന്നതിന്‌ വിശദീകരണമില്ല. നിക്ഷേപം തിരിച്ചുകിട്ടിയില്ലെന്ന്‌ കാണിച്ച്‌ ഒമ്പത്‌ പേർ സഹകരണ വകുപ്പിനും വ്യവസായ വകുപ്പിനും പരാതി നൽകി.

കമ്പനിയുടെ ഭൂമി വിൽപ്പന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് മാത്യു എന്നയാൾ സഹകരണമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top