23 December Monday

മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ വികസന പദ്ധതിക്ക്‌ അംഗീകാരം; കേന്ദ്രസർക്കാർ ഉത്തരവായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

തിരുവനന്തപുരം > സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്റെ  മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ വികസന പദ്ധതി അംഗീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവായി. സംസ്ഥാന സർക്കാരിന്റെ ദീർഘകാല പ്രയത്നമാണ് ഫലപ്രാപ്തിയിലെത്തിയതിൽ അഭിമാനമുണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുതലപ്പൊഴി ഫിഷിങ് ഹാർബർ പദ്ധതിക്കായുള്ള പ്രാരംഭ പഠനങ്ങളും മാതൃകാ പഠനവും വിവരശേഖരണവും നടത്തിയതും അതിനുള്ള ചെലവ് വഹിച്ചതും സംസ്ഥാന സർക്കാരാണ്. കേന്ദ്ര സർക്കാർ നിഷ്കർഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു പദ്ധതി രൂപരേഖ തയ്യാറാക്കുകയും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുമായി ഏകോപനം നടത്തുകയും ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്ത ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്റെ കൂടെ നേട്ടമാണ് പദ്ധതിക്ക് ലഭിച്ച അംഗീകാരമെന്ന് മന്ത്രി അറിയിച്ചു. നിലവിലെ ഫിഷിങ് ഹാർബറിന്റെ രൂപകൽപ്പന കേന്ദ്ര ഏജൻസിയായ സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച്‌ സ്‌റ്റേഷനായിരുന്നു നടത്തിയത്. പക്ഷേ പൊഴിയിൽ അപകടങ്ങൾ പതിവായതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ഫിഷിങ് ഹാർബർ വികസനത്തിനായി പഠനം നടത്തിയത്.

177 കോടി രൂപയുടെ പദ്ധതിയുടെ ചെലവ് 60:40 എന്ന തോതിൽ കേന്ദ്രവും സമാധാനവും പങ്കിടും. 70.80 കോടി രൂപയാണ്‌ സംസ്ഥാന വിഹിതം. പദ്ധതി യാഥാർഥ്യമായാൽ 415 യന്ത്രബോട്ടുകൾക്ക്‌ ദിവസവും തുറമുഖത്ത്‌ എത്താം. ഇതുവഴി വർഷം 38,142 ടൺ മീൻ ഇറക്കുമതി ചെയ്യാനാകും. തീരത്തിന്റ ആഴം വർധിപ്പിച്ച്‌  മത്സ്യബന്ധനത്തിന് കൂടുതൽ സൗകര്യമൊരുക്കും. പുലിമുട്ടിന്റെ നീളം 425 മീറ്ററാക്കും.

റോഡ് നവീകരണം, പാർക്കിങ്‌ ഏരിയ, ഡ്രെയിനേജ്, ലോഡിങ്‌ ഏരിയ നവീകരണം, വാർഫ് വിപുലീകരണം, ലേല ഹാൾ, ഓവർഹെഡാട്ടർ ടാങ്ക് നിർമാണം, വിശ്രമകേന്ദ്രം, കടകൾ, ഡോർമിറ്ററി, ഗേറ്റ്, ലാൻഡ്സ്കേപ്പിങ്‌, നിലവിലുള്ള ഘടനകളുടെ നവീകരണം, യാർഡ്‌ലൈറ്റിങ്‌, പ്രഷർ വാഷറുകൾ, ക്ലീനിങ്‌ ഉപകരണങ്ങൾ നിരീക്ഷണ സംവിധാനം സ്‌ഥാപിക്കൽ, നാവിഗേഷൻ ലൈറ്റ്, മെക്കാനിക്കൽ കൺവെയർ സിസ്‌റ്റം, തുടങ്ങിയവയും യാഥാർഥ്യമാകും. തീരസംരക്ഷണവും ഉറപ്പാക്കും. 2001 നിർമാണം ആരംഭിച്ച തുറമുഖം 2020 ജൂണിലാണ്‌ കമീഷൻ ചെയ്‌തത്‌. വാമനപുരം നദി, അഞ്ചുതെങ്ങ്‌ കായൽ എന്നിവ കടലുമായി ചേരുന്ന മുതലപ്പൊഴിയിൽ അതിവേഗമാണ്‌ മണൽതിട്ട ഉണ്ടാകുന്നത്‌.

തുറമുഖം അപകട രഹിതമാക്കുന്നതിനെക്കുറിച്ച്‌ റിപ്പോർട്ട്‌ നൽകാൻ പുണെ ആസ്ഥാനമായുള്ള സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച്‌ സ്‌റ്റേഷനെ 2022 ആഗസ്‌തിലാണ്‌ സർക്കാർ ചുമതലപ്പെടുത്തിയത്‌. 2024 ഫെബ്രുവരിയിൽ റിപ്പോർട്ട്‌ നൽകി. ഈ റിപ്പോർട്ടും സെൻട്രൽ  ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കോസ്‌റ്റൽ എൻജിനീയറിങ്‌ ഫോർ ഫിഷറിസ് ( സിഐസിഇഎഫ്‌) വിദഗ്‌ധരുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശങ്ങളും കൂടി പരിഗണിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് 2024 സെപ്റ്റംബറിൽ കേന്ദ്ര അംഗീകാരത്തിനായി സമർപ്പിക്കുകയായിരുന്നു. മുതലപ്പൊഴി ഫിഷിങ് ഹാർബർ നവീകരണം എത്രയും വേഗം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top