22 December Sunday

തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ കൊലക്കേസ്‌ പ്രതികളെയും ഇറക്കുന്നു: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

തൃശൂർ> തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ കൊലക്കേസ്‌ പ്രതികളെയും ഇറക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് കോൺഗ്രസിൽ ക്രിമിനൽ സംഘങ്ങളും ഉണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നിരവധി കൊലക്കേസ് പ്രതികൾ കോൺഗ്രസിന് വേണ്ടി രംഗത്തുണ്ട്. തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്‌എഫ്‌ഐ സജീവ പ്രവർത്തകനും കാമ്പസിന്റെ പ്രിയപ്പെട്ടവനുമായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖിൽ പൈലിയെ കോൺഗ്രസ്‌ തള്ളിപറഞ്ഞില്ല. ഇതെന്റെ കുട്ടിയാണെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ പറയുന്നത്‌. എത്ര ക്രൂരമായ കൊലപാതകം നടത്തിയവരെയും സംരക്ഷിക്കുകയാണ്‌. കെപിസിസിക്ക്‌ പിന്നിൽ നിഖിൽ പൈലിമാരെ ചേർക്കണം. പാലക്കാട്‌  കോൺഗ്രസ് ശുക്രദശ എന്നാണ് പറഞ്ഞത്‌. ഇപ്പോൾ അത് മാറി.

കോൺഗ്രസിന് നിരന്തരം കളവു പറയേണ്ടിവന്നു. ആ കളവ് ആവർത്തിക്കേണ്ടി വന്നു. ഷാഫി നടത്തിയ നാടകമാണ്‌ പാലക്കാട് നടന്നത്.  അതിന്റെ  സംവിധായകനും ഷാഫിയാണ്. ബിജെപിക്ക്‌ പണം എത്തിച്ച നാല്‌ കോടി ചിലർ കൈപ്പറ്റിയെന്ന്‌ പേര്‌ സഹിതം ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ പറഞ്ഞു. ഇതോടെ കോൺഗ്രസ്‌– ബിജെപി ഡീലർ പുറത്തുവന്നു. തെരഞ്ഞെടുപ്പിൽ പണം ഉപയോഗിക്കുന്നത് തടയാനാണ്‌ പാലക്കാട് പരിശോധന നടത്തിയത്.  ഈ റെയ്‌ഡ്‌ തടഞ്ഞത്‌ കോൺഗ്രസാണ്‌. അവർക്കാണ്‌ മറയ്‌ക്കാനുള്ളത്‌. അത്‌ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു.  റൈയ്‌ഡുമായി ബന്ധപ്പെട്ട്‌ തുടർ നടപടികൾ  ഭരണ സംവിധാനങ്ങളാണ്‌ പൂർത്തീകരിക്കേണ്ടത്‌.

തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മന്ത്രിമാർക്ക്‌  ഉദ്യോഗസ്ഥരെ വിളിക്കാൻ പാടില്ലെന്ന് ഏതു പെരുമാറ്റചട്ടത്തിലാണുള്ളത്‌.  ഇല്ലാത്ത ചട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കോടതിയിൽ ദിവ്യ എടുക്കുന്നത്‌ വ്യക്തിപരമായ നിലപാടാണ്. അത് പാർട്ടി നിലപാടായി കാണേണ്ടതില്ല. ആരോപണം വന്ന്‌ 24 മണിക്കൂറുകൊണ്ട് ദിവ്യയെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയത്‌ പാർടിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top