തിരുവന്തപുരം> വടകരയില്‍ നടന്നത് തെറ്റായ യുഡിഎഫ് സംസ്‌കാരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . കാഫിര്‍ പരാമര്‍ശം യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകരയില്‍ ആദ്യം മുതല്‍ ഉണ്ടായ സംഭവങ്ങള്‍ വിശകലനം ചെയ്യണം. ഒറ്റപ്പെട്ട സംഭവമായി വിഷയത്തെ ചുരുക്കി കാട്ടാനാണ് ശ്രമിക്കുന്നത്. ആദ്യം നടന്നത് ടീച്ചര്‍ക്കെതിരെ 'ടീച്ചറമ്മ' എന്ന പേരിനെ പരിഹസിച്ചുള്ള പ്രചാരണമാണ്. വ്യക്തിപരമായ അശ്ലീല അധിക്ഷേപമാണ് ഉണ്ടായത്.
അതിന് പിന്നാലെയാണ് ഓരോന്നോരോന്നായി പ്രചരിപ്പിച്ച് തുടങ്ങിയത്. മുസ്ലീങ്ങള്‍ തീവ്രവാദികളാണ് എന്ന് ശൈലജ ടീച്ചര്‍ പറഞ്ഞുവെന്നാണ് പിന്നീട് പ്രചരിപ്പിച്ചത്. കെ കെ ശൈലജയെ യുഡിഎഫ് വ്യക്തിഹത്യ നടത്തി.
ലൗ ജിഹാദ് നിലനില്‍ക്കുന്നതായി ശൈലജ ടീച്ചര്‍ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചു. പിന്നീട് പാനൂര്‍ സ്ഫോടന കേസിലെ പ്രതികളുമായി നില്‍ക്കുന്ന ഫോട്ടോ വ്യാജമായി പ്രചരിപ്പിച്ചു. തെറ്റായ വാര്‍ത്തയുടെ പ്രചാരണം എഐ സംവിധാനത്തോടെ കൂടുതല്‍ സജീവമായി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളില്‍ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്ന് സിപിഐ എം ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടി മുന്നോട്ടുപോകും. ഇടതുപക്ഷത്തിന്റെ മതേതര നിലപാട് തിരഞ്ഞെടുപ്പില്‍ മാത്രമുള്ളതല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ നിലപാട് എക്കാലത്തും സിപിഐ എം തുടര്‍ന്നുപോകും. ജമാഅത്തെ ഇസ്ലാമിയുടെയും, എസ്ഡിപിഐയുടെയും കൂട്ടുകക്ഷികളെ പോലെയാണ് കോണ്‍ഗ്രസും ലീഗും പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ അശ്ലീലവും വര്‍ഗീയവുമായ വ്യാജ പ്രചാരണമാണ് നടന്നത്. വിഷയത്തില്‍ ആദ്യം പരാതി നല്‍കിയത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. പോരാളി ഷാജിയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഇടതുപക്ഷം അല്ല. അത്തരം ആളുകളുടെ സഹായം സിപിഐ എമ്മിന് ആവശ്യമില്ല. ഇത്തരം ഗ്രൂപ്പുകളെ സിപിഐ എം നേരത്തെ തന്നെ തള്ളിപ്പറഞ്ഞതാണ്- എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..