22 November Friday

ന്യൂനപക്ഷ സംരക്ഷണം 
പ്രധാന അജൻഡ: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024

തിരുവനന്തപുരം
ന്യൂനപക്ഷ സംരക്ഷണം സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രധാന അജൻഡയാണെന്ന്‌  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇത്‌ പ്രീണനമാണെന്നു പറഞ്ഞ്‌ ഹിന്ദുക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം ബിജെപി കേരളത്തിൽ നടത്തുകയാണ്‌. കേരളത്തിൽ ബിജെപി അക്കൗണ്ട്‌ തുറന്നത്‌ ഗൗരവമുള്ള പ്രശ്‌നമാണ്‌. തൃശൂരിൽ ബിജെപിക്ക്‌ ജയിക്കാൻ സൗകര്യമൊരുക്കിയത്‌ കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌കെടിയു തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ നോക്കിയല്ല ജനം വോട്ട്‌ ചെയ്‌തത്‌. ബിജെപിക്ക്‌ ബദലാകാൻ സാധിക്കുന്നത്‌ കോൺഗ്രസിനാണെന്ന ധാരണ കേരളത്തിലെ മതനിരപേക്ഷ ഉള്ളടക്കമുള്ളവരെയും ന്യൂനപക്ഷങ്ങളെയും സ്വാധീനിച്ചു. എന്നാൽ, മലബാർ മേഖലയിൽ രാഷ്‌ട്രീയ വോട്ടിനപ്പുറം വർഗീയ കൂട്ടുകെട്ട്‌ രൂപപ്പെട്ടു. എസ്‌ഡിപിഐയും പോപ്പുലർഫ്രണ്ടും യുഡിഎഫിന്റെ ഘടകകക്ഷികളെപ്പോലെ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ആസൂത്രിതമായ പ്രചാരവേല സംഘടിപ്പിച്ചു. ഇത്‌ ദൂരവ്യാപകമായ ഫലമുളവാക്കുന്ന ഒന്നാണ്‌. ഇടതുപക്ഷത്തിന്‌ നഷ്ടപ്പെട്ട വോട്ടെല്ലാം തിരിച്ചുവരും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ലതുപോലെ നമുക്ക്‌ മുന്നേറാനാകും. വർഗീയത പറഞ്ഞ്‌ ബിജെപിക്ക്‌ അൽപ്പസ്വൽപ്പം മുന്നേറാൻ കഴിഞ്ഞു.

ഇത്‌ ഗൗരവത്തിൽ കാണണം. കോൺഗ്രസ്‌ ശരിയായ നിലപാട്‌ സ്വീകരിക്കുകയും സംഘടനാ ഉൾക്കരുത്തില്ലായ്‌മ പരിഹരിക്കുകയും ചെയ്‌തിരുന്നെങ്കിൽ ബിജെപി വീണ്ടും അധികാരത്തിൽ വരില്ലായിരുന്നു. രണ്ടു ശതമാനം വോട്ടുകൂടി നേടാനായിരുന്നെങ്കിൽ ചിത്രം മാറുമായിരുന്നു. എസ്‌എൻഡിപി ബിഡിജെഎസുമായി ചേർന്ന്‌ ബിജെപിയുടെ റിക്രൂട്ടിങ്‌ ഏജന്റായി പ്രവർത്തിക്കുന്നു. ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാനാണ്‌ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

എസ്‌എൻഡിപിയെ   
കടന്നാക്രമിക്കുന്നത്  
ആർഎസ്‌എസ്‌


തിരുവനന്തപുരം
എസ്‌എൻഡിപിക്കെതിരെ ഏറ്റവും ശക്‌തിയായ കടന്നാക്രമണം നടത്തുന്നത്‌ ആർഎസ്‌എസ്‌ ആണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു. എസ്‌എൻഡിപിയോട്‌ യാതൊരു തരത്തിലുള്ള വിരോധവും പ്രകടിപ്പിക്കേണ്ട കാര്യം ഇടതുപക്ഷത്തിന്‌ ഇല്ല. എസ്‌എൻഡിപി യഥാർഥത്തിൽ കൈകാര്യം ചെയ്യുന്ന ദർശനം ആർഎസ്‌എസിന്റെ ദർശനങ്ങൾക്ക്‌ തികച്ചും എതിരായിട്ടുള്ളതാണ്‌.

ശ്രീനാരായണ ഗുരുവിന്റെ ദർശനം ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്നതാണ്‌. സർവമത സമ്മേളനത്തിൽ ഗുരു പറഞ്ഞത്‌ സർവ്വ മതങ്ങളുടെയും സത്വം ഒന്നാണ്‌ എന്നാണ്‌. മത വർഗീയവാദികളിൽ ഹിന്ദുത്വ അജൻഡ വച്ച്‌ പ്രവർത്തിക്കുന്നവരാണ്‌ എസ്‌എൻഡിപിയെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ചാതുർവർണ വ്യവസ്ഥയിലധിഷ്‌ഠിതമായ ഭരണഘടനയും അതിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഭരണവ്യവസ്ഥയും വേണമെന്ന്‌ പറയുന്നത്‌ അവരാണ്‌. എസ്‌എൻഡിപിക്കെതിരായിട്ടുള്ള ഭീഷണി ആർഎസ്‌എസിന്റെയും ബിജെപിയുടെയും ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top