24 November Sunday
മാധ്യമങ്ങൾ ശ്രമിച്ചത്‌ ദുരിതാശ്വാസം തടയാൻ

വയനാട്‌ ദുരന്തം: കള്ളവാർത്ത മാധ്യമ അജണ്ട, കൈയബദ്ധമല്ല- എം വി ​ഗോവിന്ദൻ

പ്രത്യേക ലേഖകൻUpdated: Wednesday Sep 25, 2024


തിരുവനന്തപുരം
വയനാട്‌ മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെടുത്തി മാധ്യമങ്ങൾ വ്യാജവാർത്ത ചമച്ചത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫണ്ടുവരുന്നതും കേന്ദ്ര സഹായവും തടയുകയെന്ന 
ലക്ഷ്യത്തോടെയായിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോകമാകെ ഞെട്ടിത്തരിച്ച ദാരുണ സംഭവമായ ഉരുൾപൊട്ടലിൽ 231 മൃതദേഹങ്ങൾ ലഭിച്ചു, 59 പേരെ കണ്ടെത്താനായിട്ടില്ല, 1685 കെട്ടിടങ്ങൾ തകർന്നു, വലിയ തോതിൽ കൃഷിനാശമുണ്ടായി. മാനസികമായും സാമ്പത്തികമായും തകർന്ന ഒരു സമൂഹത്തെ കൃത്യമായ പദ്ധതിയിലൂടെ കരകയറ്റാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിന്‌ തുരങ്കം വയ്ക്കാനാണ്‌ ശ്രമിച്ചത്‌. ഒരു ചാനൽ ആദ്യം കള്ള വാർത്ത കൊടുക്കുകയും തുടർന്ന്‌ മറ്റുള്ളവരും പത്രങ്ങളും പ്രതിപക്ഷവും ഏറ്റെടുക്കുകയുമായിരുന്നു. ഇത്‌ ലോകത്തിനുമുന്നിൽ കേരളത്തെ അവഹേളിക്കുന്നതായി.

വസ്തുത സർക്കാർ വ്യക്തമാക്കിയിട്ടും വ്യാജവാർത്തയിലാണ്‌ ഭൂരിപക്ഷം മാധ്യമങ്ങളും ഊന്നിയത്‌. ‘കള്ളക്കണക്ക്‌ കാണിച്ച്‌ അനർഹമായ സഹായം തട്ടാൻ ശ്രമം ’ എന്ന ക്യാമ്പയിനാണ്‌ നടത്തിയത്‌.  നാട്‌ തകർന്നാലും കുഴപ്പമില്ല, സർക്കാരിനെ കരിവാരിത്തേയ്ക്കുകയെന്ന അജൻഡ നടപ്പാക്കാനാണ്‌ ബോധപൂർവമായ നിലപാട്‌. പ്രതീക്ഷിത ചെലവ്‌ മെമ്മൊറാണ്ടം നൽകി അടിയന്തര കേന്ദ്രസഹായത്തിന്‌ ശ്രമിക്കുന്നത്‌ 2012–-19 വരെ വിവിധ സർക്കാരുകൾ തുടർന്നുപോരുന്ന രീതിയാണ്‌.

ഏറ്റവും മികച്ച രീതിയിലുള്ള ദുരന്തനിവാരണ പ്രവർത്തനമാണ്‌ സർക്കാർ നടത്തിയത്‌.  1200 കോടി രൂപയുടെ നഷ്ടം കണക്കാക്കിയ ഘട്ടത്തിലും എസ്‌ഡിആർഎഫിന്റെ ഇടുങ്ങിയ മാനദണ്ഡപ്രകാരം 219 കോടി രൂപയേ ആവശ്യപ്പെടാനായുള്ളൂ. മാനദണ്ഡപ്രകാരം വീട്‌ നിർമിക്കാൻ 1.3 ലക്ഷമാണ്‌ അനുവദിക്കുകയെങ്കിൽ, കേരളത്തിൽ  വീടിന്‌ ചുരുങ്ങിയത്‌ നാലുലക്ഷം കണക്കാക്കി ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ കൊടുക്കുകയാണ്‌.  പുനരധിവാസത്തിന്‌ 2200 കോടിയെങ്കിലും വേണ്ടിവരുമെന്നാണ്‌ വിദഗ്ധാഭിപ്രായം. മാനദണ്ഡത്തിൽനിന്ന്‌ വ്യത്യസ്തമായി തുക ചെലവഴിക്കാൻ കഴിയില്ല.

തങ്ങൾക്ക്‌ ഹിതമല്ലാത്തതിനെയെല്ലാം അപഹസിക്കുന്ന മാധ്യമ പ്രവർത്തനമാണ്‌ നടക്കുന്നത്‌. സിഎംഡിആർഎഫ്‌ നിലച്ചാൽ ലക്ഷക്കണക്കിന്‌ പാവങ്ങൾക്ക്‌ ചികിത്സാസഹായം ഇല്ലാതാകും.   മാധ്യമങ്ങൾ ഉത്തരവാദിത്തം നിറവേറ്റണം, കള്ളപ്രചാരവേല അവസാനിപ്പിക്കണം. നാട്ടിലെമ്പാടും അതിനെതിരെ വലിയ പ്രതിഷേധമുണ്ടെന്നത്‌ മനസിലാക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സർവകലാശാലകൾ ആർഎസ്‌എസും കോൺഗ്രസും താവളമാക്കുന്നു
സർവകലാശാലകളെ കാവിവൽക്കരിക്കുകയെന്ന ബിജെപി, ഗവർണർ ശ്രമം മൂലം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കോൺഗ്രസിന്റേയും ആർഎസ്‌എസിന്റേയും താവളങ്ങളായി മാറുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വി സി മാരില്ലാത്ത സർവ്വകലാശാലകളിൽ താൽകാലിക വൈസ്‌ചാൻസലർമാരായി അക്കാദമിക മാനദണ്ഡവും യോഗ്യതയും കാറ്റിൽ പറത്തി, ബിജെപിയുടേയും യുഡിഎഫിന്റേയും നേതാക്കളെ ഏകപക്ഷീയമായി പ്രതിഷ്ഠിക്കുകയാണ്‌ ചാൻസലർ. കോൺഗ്രസ്‌ സംഘടനാ നേതാക്കളായ പി രവീന്ദ്രനെ കലിക്കറ്റിലും ജുനൈദ്‌ ബുഷരിയെ കുസാറ്റിലും നിയമിച്ചു. വിരമിച്ച ജഗതിരാജിനെ കൊല്ലം ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ വച്ചു. സംസ്കൃത സർവകലാശാലയിൽ സംഘപരിവാർ നോമിനിയായ കെ കെ ഗീതാകുമാരിയെ നിയമിച്ചു. ഇവരിലൂടെ സംഘപരിവാർ, കോൺഗ്രസ്‌ ആശയങ്ങൾ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്‌ നടക്കുന്നത്‌. ലോകോത്തരമായ നിലവാരത്തിലേക്ക്‌ ഉയരുന്ന ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കേരളത്തിലെ അക്കാദമിക സമൂഹവും ജനങ്ങളും ശക്തമായ പ്രതിഷേധം ഉയർത്തണം.

അൻവറിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തും
സർക്കാരിനും സിപിഐ എമ്മിനും നൽകിയ പരാതികൾ കൃത്യമായി പരിശോധിച്ചുവരുന്ന ഘട്ടത്തിൽ പിന്നെയും പ്രസ്താവനകളുമായി പി വി അൻവർ രംഗത്തുവന്നത്‌ വലതുപക്ഷ ശക്തികൾക്കും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്കുമാണ്‌ സഹായകമായത്‌. അൻവർ അവരുടെ കൈയിലെ ആയുധമാകാൻ ഇടയായി. കാര്യങ്ങൾ ബന്ധപ്പെട്ടവർ മുമ്പാകെ ഉന്നയിച്ചശേഷവും നടത്തിയ പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു, അത്തരം പ്രസ്താവനകളിൽ നിന്ന്‌ അടിയന്തരമായി പിന്മാറണം. പാർലമെന്ററി പാർട്ടിയംഗം എന്നനിലയിൽ അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി, ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നാണ്‌ പാർട്ടി കാണുന്നത്‌. പാർട്ടി പറഞ്ഞ കാര്യങ്ങൾക്ക്‌ അപ്പുറം കടക്കാൻ താനില്ലെന്ന്‌ അൻവറും വ്യക്തമാക്കിയിട്ടുണ്ട്‌.

ഒരു കാര്യം ഗൗരവത്തിലാണ്‌ ഉന്നയിച്ചത്‌ എന്നതുകൊണ്ടുമാത്രം അത്‌ ഗൗരവമാകണമെന്നില്ല. പ്രചരിക്കപ്പെടുന്ന ഏതെങ്കിലും കാര്യത്തിൽ പി ശശിക്ക്‌ പ്രഥമദൃഷ്ട്യാ ബന്ധമുണ്ടെന്ന്‌ പറയാൻ സാധിക്കില്ല. ആവശ്യമായ എല്ലാ പരിശോധനകളും നടത്തുമെന്നും ചോദ്യത്തിന്‌ മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top