26 December Thursday

അൻവറിനെ "നായകനാ'ക്കിയ 
നാടകങ്ങൾ തകർന്നു : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024


തിരുവനന്തപുരം
പി വി അൻവറിനെ നായകനാക്കി അരങ്ങേറിയ നാടകങ്ങളെല്ലാം ചീട്ടുകൊട്ടാരംപോലെ തകർന്നുവീണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി പ്രവർത്തകരുടെ വികാരമാണ്‌ ഉൾക്കൊള്ളുന്നതെന്ന്‌ പ്രഖ്യാപിച്ച്‌ രംഗത്തിറങ്ങിയ അൻവറിന്‌ ലീഗുകാരെയും എസ്‌ഡിപിഐക്കാരെയും ജമാഅത്തെ ഇസ്ലാമിക്കാരെയും അഭിസംബോധന ചെയ്യേണ്ട അവസ്ഥയുണ്ടായി.

പരാതികൾ പരിശോധിച്ച്‌ നടപടിയുണ്ടാകുമെന്ന്‌ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രഥമദൃഷ്ട്യാ സംശയമുള്ള കാര്യങ്ങളിൽ ആവശ്യമായ നപടി സ്വീകരിച്ചു. എസ്‌പിയെ സസ്‌പെൻഡ്‌ ചെയ്യുകയും ചില ക്രമീകരണങ്ങൾ വരുത്തുകയും ചെയ്‌തു. അന്വേഷണത്തിന്‌ ശേഷം എഡിജിപിയെ തൽസ്ഥാനത്ത്‌ നിന്ന്‌ മാറ്റി. അദ്ദേഹത്തെക്കുറിച്ചുള്ള ആരോപണങ്ങൾ എഡിജിപി യും വിജിലൻസും അന്വേഷിക്കുന്നുമുണ്ട്‌. സ്ഥലംമാറ്റത്തോടെ എല്ലാം അവസാനിച്ചുവെന്നല്ല, അന്വേഷണത്തിനുശേഷം ആവശ്യമായ നടപടിയെന്നതാണ്‌ സർക്കാരിന്റെ നിലപാട്‌.

എഡിജിപി ആർഎസ്‌എസ്‌ നേതാക്കളെ കണ്ടെന്ന്‌ പറഞ്ഞിറങ്ങിയവരുടെ തനിനിറം തിരിച്ചറിയണം. ജമാഅത്തെ ഇസ്ലാമിയാണ്‌ ഈ പ്രചരണത്തിന്‌ നേതൃത്വം നൽകുന്ന ഒരുവിഭാഗം. ഇവരാകട്ടെ കഴിഞ്ഞ വർഷം സംഘപരിവാർ ദേശീയ നേതാക്കളുമായി ഡൽഹിയിൽ രഹസ്യചർച്ച നടത്തിയവരാണ്‌. ഈ വിവരം പുറത്തുവന്നപ്പോൾ കേന്ദ്രം ഭരിക്കുന്നവരെ കാണാൻ പോയെന്ന ന്യായമാണുണ്ടായത്‌. ജമ്മുകശ്‌മീരിൽ സിപിഐ എം സ്ഥാനാർഥി യൂസുഫ്‌ തരിഗാമിയെ പരാജയപ്പെടുത്താൻ ആർഎസ്‌എസുമായി കൂട്ടുചേർന്നവരാണ്‌ എഡിജിപി പ്രശ്‌നവുമായി മുന്നോട്ടുവന്നിരിക്കുന്നത്‌. ജമാഅത്തെ ഇസ്ലാമിയുടെയും എസ്‌ഡിപിഐയുടെയും ഇരട്ടത്താപ്പ്‌ തിരിച്ചറിയണം.

സംഘപരിവാറുമായി ചേർന്ന്‌ പ്രവർത്തിക്കുന്ന രാഷ്ട്രീയമാണ്‌ കോൺഗ്രസിനുമുള്ളത്‌. വിമോചന സമരത്തിൽ ജനസംഘത്തിന്റെ പിന്തുണയുണ്ടായിരുന്നു. 1960ൽ ഇഎംഎസിനെതിരെയും 1971ൽ എകെജിക്കെതിരെയും ജനസംഘമടക്കമുള്ള വലതുപക്ഷം സംയുക്ത സ്ഥാനാർഥിയെ നിർത്തി. വി പി സിങ്‌ സർക്കാരിനെ താഴെയിറക്കിയതും കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ്‌.  നിരവധി തദ്ദേശ, സഹകരണ സ്ഥാപനങ്ങളിലും ഈ സഖ്യം പലരൂപത്തിൽ നിലവിലുണ്ട്‌. ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ കാവൽ നിന്നെന്ന്‌ പ്രഖ്യാപിക്കുന്ന കെപിസിസി പ്രസിഡന്റും ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവുമാണ്‌ കോൺഗ്രസിലുള്ളതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പുതുതലമുറ 
ഇടതുപക്ഷത്തിനൊപ്പം
കേരളത്തിലെ പുതുതലമുറ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമെന്ന്‌ തെളിയിക്കുന്നതാണ്‌ കണ്ണൂർ, കാലിക്കറ്റ്‌ സർവകലാശാലയ്‌ക്ക്‌ കീഴിലെ ക്യാമ്പസുകളിലും പോളിടെക്‌നിക്‌ കോളേജുകളിലും നടന്ന യൂണിയൻ തെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുതലമുറ ഇടതുപക്ഷത്തിനെതിര്‌ എന്ന പ്രചരണമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇത്തരം മാധ്യമ കോലാഹലങ്ങളെല്ലാം തിരിച്ചറിഞ്ഞ്‌ നിലപാടെടുക്കാൻ പുതുതലമുറയ്‌ക്ക്‌ കഴിയുന്നുവെന്നതിന്റെ തെളിവാണ്‌ എസ്‌എഫ്‌ഐക്കുണ്ടായ തകർപ്പൻ ജയമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മുനീർ പറഞ്ഞത്‌ പച്ചക്കള്ളം
സ്വർണ്ണക്കടത്ത്‌ കേസിലെ പ്രതികൾക്കൊപ്പം ചേർന്ന്‌ നടത്തുന്ന അമാന എംബ്രേസ്‌ പദ്ധതിയെക്കുറിച്ച്‌ എം കെ മുനീർ നിയമസഭയിൽ പറഞ്ഞത്‌ പച്ചക്കള്ളമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ വാർത്ത തമസ്‌കരിക്കാനാണ്‌ മാധ്യമങ്ങൾ ശ്രമിച്ചത്‌. കൊഫേപോസ പ്രകാരം ജയിലിടച്ച അബൂലേസ്‌, കരിപ്പുർ സ്വർണക്കടത്ത്‌ കേസിൽ കസ്‌റ്റംസ്‌ ഷോക്കോസ്‌ നോട്ടീസ്‌ നൽകിയ ഒ കെ അബ്ദുസലാം, അമാന സ്വർണക്കടത്ത്‌ കേസിലെ പ്രതി റഫീഖ്‌ എന്നിവരുമായി ചേർന്നാണ്‌ മുനീർ പദ്ധതി തുടങ്ങിയത്‌. ഇവർക്കെതിരെ കേസില്ലെന്നാണ്‌ മുനീർ പറഞ്ഞത്‌. സ്വർണ്ണക്കടത്ത്‌ കേസിൽ പിടിയിലായവരിൽ മുസ്ലിംലീഗ്‌ ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശേരിയും യൂത്ത്‌ലീഗ്‌ മലപ്പുറം ജില്ലാ സെക്രട്ടറി സി എച്ച്‌ അബ്ദുൾകരീമുമെല്ലാം ഉൾപ്പെടുന്നു. സ്വർണക്കടത്തുകാരെ ചിറകിലിലൊളിപ്പിക്കുന്നത്‌ ലീഗാണ്‌–- അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കുഴൽനാടൻ 
ചരിത്രബോധമില്ലാത്ത 
കോമാളി
ചരിത്ര അവബോധത്തെ നിഷേധിക്കുന്ന കോമാളിയായി മാത്യു കുഴൽനാടൻ മാറിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വതന്ത്ര ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നാണ്‌ കൂത്തുപറമ്പ്‌ സമരം. യുഡിഎഫ്‌ സർക്കാരിന്റെ തെറ്റായ നിലപാടുകൾക്കെതിരായ ചെറുത്തുനിൽപ്പായിരുന്നു ആ സമരം. നിരായുധരായ ചെറുപ്പക്കാർക്കുനേരെയാണ്‌ പൊലീസ്‌ വെടിവച്ചത്‌. അഞ്ചുപേർ അന്ന്‌ രക്തസാക്ഷികളായി. 30 വർഷത്തിനുശേഷം പുഷ്‌പനും. രാഷ്ട്രീയലാഭത്തിനായി രക്തസാക്ഷികളെ അപമാനിക്കുന്ന മാപ്പർഹിക്കാത്ത നിലപാടാണ്‌ കുഴൽനാടന്റേത്‌– എം വി ഗോവിന്ദൻ പറഞ്ഞു.

ഹൈക്കോടതി വിമർശം
 പ്രസിദ്ധീകരിക്കാൻപോലും മടി
ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ സഹായമാവശ്യപ്പെട്ട്‌ സർക്കാർ നൽകിയ നിവേദനം തെറ്റായ രീതിയിൽ നൽകിയ മാധ്യമങ്ങൾ ഹൈക്കോടതിയുടെ വിമർശം പ്രസിദ്ധീകരിക്കാൻ പോലും മടിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തെ സഹായിക്കാത്ത കേന്ദ്രത്തിന്റെ നിരുത്തരവാദിത്ത നിലപാടിനെതിരെ ഹൈക്കോടതിയിൽനിന്ന്‌ ശക്തമായ വിമർശനമാണുണ്ടായതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മലയാളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ മലയാളിയുടെ ജീവിതപ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ഒരുമിച്ച്‌ നിൽക്കാൻ തയ്യാറില്ല എന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്‌. പൊതുപ്രശ്‌നങ്ങൾ ഇവരെ ബാധിക്കുന്നില്ല. കമ്യുണിസ്റ്റ്‌ പാർട്ടിക്കെതിരെ മഴവിൽ സഖ്യമുണ്ടാക്കി മുന്നോട്ടുപോകുന്നതിന്‌ ഇന്ധനമൊഴിക്കുന്ന പ്രവർത്തനത്തിലാണിവർ. ഇടതുപക്ഷത്തെ തകർക്കുകയെന്ന കാഴ്‌ചപ്പാട്‌ മാത്രമാണുള്ളത്‌. വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വാർത്തകൾ നൽകുന്നതിൽ നിയന്ത്രണം പാലിക്കണമെന്ന്‌ കോടതി പറഞ്ഞിരിക്കുകയാണ്‌. ഇക്കാര്യത്തിൽ തനിക്കും ഇതുതന്നെയാണ്‌ പറയാനുള്ളതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top