24 November Sunday

ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പന്‍ ജീവിക്കും: എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


തിരുവനന്തപുരം
വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ്‌ പുഷ്‌പന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെടിയേറ്റുവീണിട്ടും തളരാത്ത വീര്യമായി നമുക്കൊപ്പമുണ്ടായിരുന്ന പുഷ്‌പൻ വിപ്ലവസൂര്യനായി ചിരകാലം ജ്വലിച്ചുനിൽക്കും. അടങ്ങാത്ത പോരാട്ടവീര്യമാണ്‌   അതിജീവിക്കാൻ അദ്ദേഹത്തിന്‌ കരുത്ത്‌ നൽകിയത്‌.

ഇരുപത്തിനാലാം വയസിൽ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്‌പൻ പോരാളികൾക്ക്‌ ആവേശമായി. മരുന്നുകൾക്കും വേദനകൾക്കുമിടയിലൂടെ കടന്നുപോകുമ്പോഴും തന്റെയുള്ളിലെ വിപ്ലവാവേശത്തെ കനലൂതിത്തെളിച്ചു കൊണ്ടേയിരുന്നു. വിദ്യാർഥി, യുവജന സമ്മേളനവേദികളിൽ നേരിട്ടെത്തിയും കത്തുകളിലൂടെയും പുഷ്‌പൻ തന്റെ സഖാക്കൾക്ക്‌ സമരാഭിവാദ്യമർപ്പിച്ചു.

മേനപ്രത്തെ വീട്ടിലെത്തിയപ്പോഴെല്ലാം പുഷ്‌പൻ ചോദിച്ചറിഞ്ഞതും പങ്കുവെച്ചതും കേരളത്തിന്റെ രാഷ്ട്രീയവും തന്റെ പാർടിയെക്കുറിച്ചും സഖാക്കളെക്കുറിച്ചുമുള്ള വിശേഷങ്ങളായിരുന്നു. വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്‌പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു.

ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്‌പൻ ജീവിക്കും. സഹനസൂര്യനായി ജ്വലിച്ച പുഷ്‌പന്റെ വിയോഗത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top