22 December Sunday
എല്ലാ ബന്ധവും സിപിഐ എം അവസാനിപ്പിച്ചു , അദ്ദേഹത്തിന്‌ പാർടി പാരമ്പര്യം അറിയില്ല , കുപ്രചാരണങ്ങളെ തുറന്നുകാട്ടണം

പി വി അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി : എം വി ഗോവിന്ദന്‍

പ്രത്യേക ലേഖകൻUpdated: Saturday Sep 28, 2024


ന്യൂഡൽഹി
വലതുപക്ഷ പാർടികളുടെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും കൈയിലെ കോടാലിയായി പി വി അൻവർ എംഎൽഎ  മാറിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ കുപ്രചാരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാർടിയെ സ്‌നേഹിക്കുന്ന എല്ലാവരും രംഗത്തിറങ്ങണം. അൻവറുമായുള്ള എല്ലാ ബന്ധവും സിപിഐ എം അവസാനിപ്പിച്ചു. സമനില തെറ്റിയ രീതിയിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ മനോഗതം എന്താണെന്ന്‌ അറിയില്ല. ഏതായാലും യുഡിഎഫിൽ എടുക്കാൻ കെ സുധാകരൻ ഉന്നയിച്ച തടസ്സം കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തോടെ അദ്ദേഹം പരിഹരിച്ചെന്നും എം വി ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞു.

 ദീർഘവും ത്യാഗപൂർണവുമായ പ്രവർത്തനങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ഉയർന്നുവന്നതാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാർടിയും അതിന്റെ നേതൃത്വവും. പാർടി അംഗമോ വർഗബഹുജന സംഘടനകളുടെ ഭാരവാഹിയോ അല്ലാത്ത അൻവറിന്‌ ഇത്‌ അറിയില്ലായിരിക്കാം. എന്നാൽ കേരളത്തിലെ ജനങ്ങൾക്കതറിയാം. അദ്ദേഹം പൂട്ടിക്കാൻ ശ്രമിച്ച ‘മറുനാടൻ മലയാളി’ ചാനൽ ഉന്നയിച്ചുവന്ന ആക്ഷേപങ്ങളാണ്‌ ഇപ്പോൾ സ്വയം ഏറ്റെടുത്തിരിക്കുന്നത്‌. മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. അത്തരമൊരു വ്യക്തിയെയാണ്‌  ആക്ഷേപിച്ചത്‌. റിയാസിനെ പ്രകീർത്തിച്ച്‌ ഇദ്ദേഹം ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടത്‌ മാസങ്ങൾക്ക്‌ മുമ്പാണ്‌. ഇപ്പോഴത്തെ മാറ്റത്തിന്റെ കാരണം വ്യക്തമാണ്‌.

സിപിഐ എം ന്യൂനപക്ഷപ്രീണനം നടത്തുന്നെന്ന ആരോപണമാണ്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഘപരിവാർ ഉന്നയിച്ചത്‌. ഇപ്പോൾ ഹിന്ദുത്വശക്തികളുമായി സിപിഐ എം സന്ധിചെയ്‌തെന്ന്‌ ആരോപിക്കുന്നു. ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്നവരെയും ഇസ്ലാമികരാജ്യത്തിനായി പ്രവർത്തിക്കുന്നവരെയും ഒരുപോലെ എതിർക്കുന്ന സിപിഐ എമ്മിനെതിരെ അസംബന്ധപ്രചാരണമാണ്‌ നടത്തുന്നത്‌.

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാൻ ആർഎസ്‌എസും ബിജെപിയുമായി ചേർന്ന്‌ പ്രവർത്തിക്കുന്നത്‌ യുഡിഎഫിന്റെ രീതിയാണ്‌. ബാബറി മസ്‌ജിദിന്റെ തകർച്ചയ്‌ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്‌ കോ–-ലീ–-ബി സഖ്യം അരങ്ങേറിയത്‌. സംസ്ഥാനത്ത്‌ ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളിലും സഹകരണബാങ്കുകളിലും സഖ്യം നിലനിൽക്കുന്നു. സ്വർണ കള്ളക്കടത്ത്‌ കേസിന്റെ പേരിൽ സംസ്ഥാനസർക്കാരിനെ മുൾമുനയിൽ നിർത്താൻ വലിയ ശ്രമമാണ്‌ ബിജെപി നടത്തിയത്‌. കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയവേട്ട വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നിലപാടിൽനിന്ന്‌ വ്യത്യസ്‌തമായി ബിജെപിക്കൊപ്പമായിരുന്നു യുഡിഎഫ്‌ നേതൃത്വം. കേരളത്തിന്‌ അർഹമായ വിഭവങ്ങൾ കേന്ദ്രം നിഷേധിക്കുമ്പോഴും കോൺഗ്രസ്‌ ശബ്ദം ഉയർത്തുന്നില്ല. സംഘപരിവാറിനെതിരായ പോരാട്ടത്തിൽ 218 വിലപ്പെട്ട ജീവൻ നഷ്ടമായ സിപിഐ എമ്മിനെതിരെയാണ്‌ അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉന്നയിക്കുന്നത്‌–-എം വി ഗോവിന്ദൻ പറഞ്ഞു.

രാഷ്‌ട്രീയധാരണക്കുറവ്‌ വ്യക്തം
കമ്യൂണിസ്റ്റ്‌ പാർടിയുടെ പ്രവർത്തനരീതിയെക്കുറിച്ചോ നയങ്ങൾ സംബന്ധിച്ചോ പി വി അൻവറിന്‌ വേണ്ടത്ര ധാരണയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ആക്ഷേപങ്ങൾ വ്യക്തമാക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ  കോൺഗ്രസ്‌ വിട്ട അൻവർ പിന്നീട്‌ അങ്ങോട്ട്‌ മടങ്ങിയില്ല. ഏറനാട്‌ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച്‌ തോറ്റു. പിന്നീട്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ നിലമ്പൂരിൽ എൽഡിഎഫ്‌ സ്വതന്ത്രനായി വിജയിച്ചു.

പാർലമെന്ററി പാർടി അംഗമായി പ്രവർത്തിച്ചെന്നതാണ്‌ സിപിഐ എം രാഷ്‌ട്രീയവുമായി അദ്ദേഹത്തിനുള്ള ബന്ധം. ഒരിക്കലും പാർടി അംഗമായില്ല.  പാർടി പ്രവർത്തകരുടെ വികാരം ഏറ്റെടുത്ത്‌ സംസാരിക്കുന്നുവെന്ന്‌ അൻവർ പറഞ്ഞ സാഹചര്യത്തിലാണ്‌ ഇക്കാര്യം വിശദീകരിക്കുന്നത്‌. പാർടിയുമായി സഹകരിക്കുന്ന എല്ലാവരും അംഗങ്ങളാകണമെന്ന്‌ നിഷ്‌കർഷിക്കാറില്ല. മലപ്പുറത്ത്‌ അടക്കം  ഒരുപാട്‌ പേർ പാർടിയുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തയ്യാറായി വരുന്നുണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

എല്ലാ പരിഗണനയും നൽകി: എം വി ഗോവിന്ദൻ
പി വി അൻവറിന്‌ സാധ്യമായ എല്ലാ പരിഗണനയും സിപിഐ എം നൽകിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ  പറഞ്ഞു. മൂന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗങ്ങൾ കൊടുത്ത ഉറപ്പ്‌ വിശ്വാസത്തിൽ എടുക്കാതെയാണ്‌ വാർത്താസമ്മേളനം വിളിച്ച്‌ പ്രതിപക്ഷംപോലും ചെയ്യാത്ത രീതിയിൽ അധിക്ഷേപങ്ങൾ ചൊരിഞ്ഞത്‌. മുഖ്യമന്ത്രിക്ക്‌ അൻവർ നൽകിയ പരാതിയിലെ വിഷയങ്ങൾ അന്വേഷിക്കാൻ ഡിജിപിയുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചു. പൊലീസിന്റെ യശസ്‌ കാത്തുസൂക്ഷിക്കുന്നതിൽ പ്രഥമദൃഷ്‌ട്യാ പോരായ്‌മ വരുത്തിയ മലപ്പുറം മുൻ എസ്‌പി സുജിത്‌ ദാസിനെ സസ്‌പെൻഡ്‌ ചെയ്‌തു. ജില്ലയിലെ പൊലീസിൽ ചില ക്രമീകരണങ്ങൾ  വരുത്തി.

പാർടിക്ക്‌ ലഭിച്ച പരാതി സംസ്ഥാന സെക്രട്ടറിയറ്റ്‌ പരിശോധിച്ചു. ഭരണതലത്തിലുള്ള വിഷയങ്ങളിൽ സർക്കാർ പരിശോധനയ്‌ക്ക്‌ശേഷം ആവശ്യമെങ്കിൽ ഇടപെടാമെന്ന നിലപാട്‌ പാർടി സ്വീകരിച്ചു. പി ശശിക്കെതിരെ പരാതി ഇല്ലായിരുന്നു. അതുകൊണ്ട്‌ പരിശോധിക്കേണ്ടി വന്നില്ല. രണ്ടാമത്‌ സംസ്ഥാനകമ്മിറ്റിക്ക്‌ നൽകിയ പരാതി പാർടി പരിശോധിച്ച്‌ വാർത്താസമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്‌തു. അദ്ദേഹവുമായി നേരിട്ട്‌ ചർച്ച നടത്താൻ സെക്രട്ടറിയറ്റ്‌ തീരുമാനിക്കുകയും സൗകര്യം ചോദിക്കുകയും ചെയ്‌തു. ഒക്ടോബർ മൂന്നിന്‌ മാത്രമേ സൗകര്യമുള്ളു എന്നാണ്‌ അദ്ദേഹം അറിയിച്ചത്‌. അതിനുശേഷമാണ്‌ അച്ചടക്കത്തിന്റെ എല്ലാ സീമയും ലംഘിച്ച്‌ അൻവർ വാർത്താസമ്മേളനം നടത്തിയത്‌.

മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവും അൻവറുമായി നേരിട്ട്‌ ചർച്ച നടത്തിയിട്ടുണ്ട്‌. മലപ്പുറം ജില്ലയിലെ പാർടി നേതൃത്വവും ആശയവിനിമയം നടത്തിവരികയായിരുന്നു. അൻവറിന്റെ അഭിപ്രായങ്ങൾ കേൾക്കാതിരിക്കുകയോ പരാതികൾ അവഗണിക്കുകയോ ചെയ്യുന്ന സമീപനം ഉണ്ടായിട്ടില്ല. നിരന്തരം അപവാദപ്രചാരണം നടത്തിയിട്ടും കൂടെ നിർത്താൻ ശ്രമിച്ചു. ഇത്‌ മനസ്സിലാക്കാനോ തെറ്റ്‌ തിരുത്താനോ തയ്യാറാകാതെ നിയമസഭയിൽ ‘മധ്യത്തിൽ’ ഇരിക്കുമെന്നാണ്‌ അൻവറിന്റെ പ്രഖ്യാപനം. എൽഡിഎഫ്‌ പാർലമെന്ററി പാർടി അംഗത്വം സ്വയം വലിച്ചെറിഞ്ഞിരിക്കയാണ്‌ അദ്ദേഹം–-എം വി ഗോവിന്ദൻ പറഞ്ഞു.

മൂന്നാംവട്ടം അധികാരത്തിൽ
എത്തുന്നത് തടയാൻ ഗൂഢനീക്കം
എൽഡിഎഫ്‌ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരുന്നത്‌ തടയാനുള്ള വലതുപക്ഷ പാർടികളുടെയും മാധ്യമങ്ങളുടെയും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്‌ പി വി അൻവർ ഉയർത്തുന്ന കോലാഹലമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. പിണറായി വിജയൻ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാണെന്ന്‌ അൻവർ പറയുന്നു. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച്‌ മരിക്കുമെന്ന്‌ പണ്ട്‌ മനോരമയുടെ മാമൻ മാപ്പിള പറഞ്ഞതാണ്‌ ഓർമ വരുന്നത്‌. കമ്യൂണിസ്റ്റ്‌ പാർടി 100 വർഷത്തേക്ക്‌ അധികാരത്തിൽ വരില്ലെന്നാണ്‌ എ കെ ആന്റണി പ്രസ്‌താവിച്ചത്‌. അതിനുശേഷം പലവട്ടം കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പതിവ്‌ മറികടന്ന്‌ അധികാരത്തുടർച്ചയും നേടി.

കോടിയേരി ബാലകൃഷ്‌ണൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ മാധ്യമങ്ങൾ വേട്ടയാടിയത്‌ ആരും മറന്നിട്ടില്ല. ഇപ്പോൾ പാർടിയെ അപമാനിക്കാൻ അദ്ദേഹത്തിന്റെ പേര്‌ ഉപയോഗിക്കുകയാണ്‌. സംസ്ഥാന സെക്രട്ടറിക്ക്‌ ചങ്ങലകളുണ്ടെന്നാണ്‌ അൻവറിന്റെ മറ്റൊരു ആരോപണം. പാർടിയുടെ പ്രവർത്തനശൈലിയെക്കുറിച്ച്‌ അറിയാത്തതുകൊണ്ടാണിത്‌. കൂട്ടായ നേതൃത്വമാണ്‌ പാർടിയുടെ കരുത്ത്‌. ഈയിടെ ഇറങ്ങിയ ‘ആത്രേയകം’ എന്ന നോവലിൽ ഇങ്ങനെ പറയുന്നുണ്ട്‌: ‘‘ചില്ലിക്കമ്പിനെ ചവുട്ടിയരക്കാം, ഒരു കെട്ട്‌ ചില്ലിക്കമ്പിനെ ചവുട്ടിയരയ്‌ക്കാൻ കഴിയുമോ?’’. ഇതുപോലെയാണ്‌ കമ്യൂണിസ്റ്റ്‌ പാർടി നേതൃത്വം. പൊതുവെ ചർച്ചചെയ്‌തും കൂട്ടായും തീരുമാനങ്ങൾ എടുക്കും.

പാർടിയിൽ വിമർശനങ്ങൾക്ക്‌ വിലക്കില്ല. വിമർശനങ്ങളെല്ലാം ചർച്ചചെയ്യും.   ജില്ലാക്കമ്മിറ്റികളിലും പാർടി സമ്മേളനങ്ങളിലും വിമർശങ്ങളുടെ പെരുമഴയെന്ന്‌ എഴുതിയ മാധ്യമങ്ങൾ തന്നെയാണ്‌ പാർടിയിൽ വിമർശിക്കാൻ സ്വാതന്ത്ര്യമില്ലെന്നും അടിമത്തമാണെന്നും പറയുന്നത്‌.  സ്വർണക്കടത്തുകാരെ അറസ്റ്റുചെയ്ത ആഭ്യന്തര വകുപ്പിനെതിരെയും അൻവർ സംസാരിക്കുന്നു.

കേസിൽ കുടുക്കി അറസ്റ്റുചെയ്യുമെന്ന്‌ ആശങ്കയുണ്ടെന്നാണ്‌ അൻവർ പറയുന്നത്‌. അറസ്റ്റിന്‌ ഇടയാക്കുന്ന എന്തെങ്കിലും ചെയ്‌തിട്ടുണ്ടോ എന്ന്‌ അദ്ദേഹത്തിനാണ്‌ അറിയാവുന്നത്‌. രാഷ്‌ട്രീയ എതിരാളികളെ തകർക്കാൻ പൊലീസിനെ ഉപയോഗിക്കുന്നത്‌ സിപിഐ എമ്മിന്റെ നയമല്ലെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top