ഒറ്റപ്പാലം > കേരളത്തിലെ ഒരു കോൺഗ്രസ് എംപി ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന മാധ്യമവാർത്ത അതീവ ഗൗരവമുള്ളതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘‘കോൺഗ്രസ് നേതാക്കൾ ഏതുസന്ദർഭത്തിലും ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യമുണ്ട്. അത്തരം കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് കേരളത്തിൽ കുറവായിരുന്നു. ഇപ്പോൾ ആ ചാഞ്ചാട്ടം കേരളത്തിലുമായി. എ കെ ആന്റണിയുടെ മകനും കെ കരുണാകരന്റെ മകളും പോയതുപോലെ നിരവധി കോൺഗ്രസ് നേതാക്കളും മക്കളും ബിജെപിയിൽ ചേരുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് കോൺഗ്രസ് എംപി ചർച്ച നടത്തിയെന്ന വാർത്ത ഗൗരവമായി കാണണം.
കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് സഹായിച്ചത് കോൺഗ്രസാണ്. നേരത്തേ നേമത്ത് ബിജെപിക്ക് ഒരു എംഎൽഎയെയും ഇപ്പോൾ തൃശൂരിൽ ഒരു എംപിയെയും നൽകിയതിൽ കോൺഗ്രസിന്റെ പങ്ക് വലുതാണ്. തൃശൂരിൽ കോൺഗ്രസിന്റെ 86,000 വോട്ട് ബിജെപിക്ക് പോയി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് മൂന്നാമതായി. ഇത് അന്വേഷിക്കാൻ കോൺഗ്രസ് ഒരു കമീഷനെ നിയമിച്ചു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. റിപ്പോർട്ട് പുറത്തുവിട്ടാൽ ഹേമ കമ്മിറ്റി റിപ്പോർട്ടുപോലെ ഗൗരവമായിരിക്കും. അപ്പോൾ നേതാക്കൾ എന്ത് നിലപാടാണ് എടുക്കുകയെന്ന് കണ്ടറിയാം.എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. കേസ് അട്ടിമറിക്കില്ല. ഡിജിപിയാണ് കേസന്വേഷിക്കുന്നത്’’–- എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..