ന്യൂഡൽഹി
പി വി അൻവർ ഇടതുപക്ഷ രാഷ്‌ട്രീയ നിലപാടിൽനിന്ന് മാറുന്നുവെന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഡൽഹി കേരള ഹൗസിൽ മാധ്യമങ്ങളോടായിരുന്നു പ്രതികരണം. അൻവറിന്റെ പ്രസ്‌താവന വിശദമായി പരിശോധിച്ച് പാർടി ആവശ്യമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച വിശദമായ പ്രതികരണം വെള്ളിയാഴ്‌ചയുണ്ടാകും.
പാർടി ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്റെ പ്രസ്‌താവനകൾ മാറരുതെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനുശേഷം പറഞ്ഞിരുന്നു. എന്നാൽ എൽഡിഎഫിൽനിന്നും ഇടതുപക്ഷ രാഷ്‌ട്രീയത്തിൽനിന്നും മാറുന്ന പ്രസ്‌താവനകൾ നടത്തിയെന്നാണ് ഇപ്പോൾ മനസിലാക്കുന്നത്. പാർടിക്കും എൽഡിഎഫ് സർക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങൾ ഉൾപ്പെടെ അൻവർ ആരോപിച്ചെന്നാണ് അറിയുന്നത്. എൽഡിഎഫ് സർക്കാരിനും പാർടിക്കുമെതിരായി വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്നതിനൊപ്പം ചേർന്ന് പാർടിവിരുദ്ധ, സർക്കാർവിരുദ്ധ നിലപാട് സ്വീകരിക്കരുതെന്നാണ് വീണ്ടും പറയാനുള്ളത്–എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..