25 September Wednesday

"ജനങ്ങളെ പിഴിയാനുള്ള 1000 കോടി'; മീഡിയവൺ വ്യാജ വാർത്തയിലെ സത്യം എന്താണ്?

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

തിരുവനന്തപുരം > മോട്ടോർ വാഹന വകുപ്പിനെ സംബന്ധിച്ച്‌ നൽകിയ വ്യാജ വാർത്തയെ ന്യായീകരിക്കാൻ വീണ്ടും വ്യാജവാർത്ത നൽകി മീഡിയവൺ. 1000 കോടി പിരിക്കാൻ മോട്ടോർ വാഹന വകുപ്പിന്‌ സർക്കാർ നിർദേശം നൽകിയെന്ന വാർത്തയിൽ ധനമന്ത്രിതന്നെ വിശദീകരണം നൽകിയിട്ടും മീഡിയവൺ കള്ളം ആവർത്തിക്കുകയായിരുന്നു. സംഭവത്തിൽ മന്ത്രിയും മോട്ടോർ വാഹന വകുപ്പും ഫെയ്‌സ്‌ബുക്കിൽ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്‌. വർഷാവർഷം ബഡ്‌ജറ്റ് എസ്റ്റിമേറ്റ് പുതുക്കുക... നികുതി വരുമാനം വർധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമത്തെയാണ്‌ മീഡിയവൺ വളച്ചൊടിച്ചത്‌.

മന്ത്രി കെ എൻ ബാലഗോപാലിന്റെ കുറിപ്പ്‌:

നികുതി (Tax) യും പിഴ ( Fine, Non- Tax) യും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാൽ ഒറ്റ വരിയിൽ തീരാവുന്ന പ്രശ്‌നമെ ഈ വാർത്തക്കുള്ളൂവെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്ന് വകുപ്പു തലത്തിൽ ഉദ്യോഗസ്ഥർ നിർദേശം നൽകുമ്പോൾ അത് ആളുകളെ റോഡിൽ തടഞ്ഞു നിർത്തി നടത്തുന്ന "പിഴപ്പിരിവ്" ആണെന്ന് തെറ്റായി ധരിക്കുമ്പോഴാണ് വാർത്തയും തെറ്റാകുന്നത്. വസ്‌തുത അതാണ്.

മോട്ടോർ വാഹന വകുപ്പ്‌ ഫെയ്‌സ്‌ബുക്കിൽ നൽകിയ വിശദീകരണം:

'ജനങ്ങളെ പിഴിയാനുള്ള 1000 കോടി'*.

വ്യാജ വാർത്തയിലെ സത്യം എന്താണ് ? രേഖകൾ സംസാരിക്കട്ടെ...

വർഷാവർഷം ബഡ്‌ജറ്റ് എസ്റ്റിമേറ്റ് പുതുക്കുക... നികുതി വരുമാനം വർധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമത്തെ എത്ര ലാഖവത്തോടെയാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്. ബഡ്‌ജറ്റ് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുക എന്നത് ഒരു സ്വാഭാവിക സർക്കാർ നടപടിക്രമം മാത്രമാണ്. മോട്ടോർ വാഹന വകുപ്പിൽ മാത്രമല്ല റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ റിവൈസ്‌ഡ് എസ്റ്റിമേറ്റ് നൽകാറുണ്ട്.

അത്തരത്തിൽ ലഭിക്കുന്ന സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി തന്റെ കീഴിലുളള ഓഫീസിലേക്ക് അയച്ചു നൽകുക എന്നത് ഒരു ഭരണ നിർവ്വഹണ പ്രക്രിയ മാത്രമാണ്. അതിനെ പിഴ പിരിക്കുന്നതിനുള്ള നിർദ്ദേശം എന്ന് വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണ്. നിർദ്ദേശത്തിൽ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ല.

മോട്ടോർ വാഹന വകുപ്പിൽ ഓരോ ഓഫീസിനും ടാർജറ്റ് നൽകാറുണ്ട്. ഇത് പിഴ പിരിക്കുന്നതിനല്ല, ഫീസ്, ടാക്‌സ് തുടങ്ങിയ വകുപ്പിന്റെ വരുമാനമാർഗ്ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ്. റോഡ് സുരക്ഷയ്ക്കായി നൂതന ആശയങ്ങൾ നടപ്പിലാക്കി വരുന്ന കാലഘട്ടമാണിത്. റോഡ് നിയമങ്ങൾ പാലിക്കുന്ന ഒരാളിനും പിഴ ഒടുക്കേണ്ടി വരില്ല. അത് നല്ല റോഡ് സംസ്‌കാരത്തിന് തുടക്കമിടും. നമുക്ക് ഒന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top