തിരുവനന്തപുരം> ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പെട്ടാല്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍ടിഒ, സബ് ആര്‍ടിഒ എന്നിവർക്ക് നിര്‍ദേശം നല്‍കി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി.
1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 146, 196 എന്നിവ പ്രകാരവും കെഎംവിആര്‍ 391 എ പ്രകാരവും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റം. അപകടത്തില്‍പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതാത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാര്‍ജ് കൂടി ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കണം.
ഇതിനായി രേഖാമൂലം തന്നെ ആര്‍ടിഒ നടപടികള്‍ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജു സര്‍ക്കുലറില്‍ പറയുന്നു. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാര്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ അപകടത്തില്‍ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..