പത്തനംതിട്ട > ഒരുമിച്ചുകണ്ട സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി. കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി. മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോന്നി മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ഈപ്പൻ മത്തായി, ബിജു പി ജോർജ്ജ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച നാല് പേരുടേയും സംസ്കാര ചടങ്ങുകൾ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടന്നു. നിഖിൽ, അനു, ഈപ്പൻ മത്തായി എന്നിവരുടെ മൃതദേഹം ഒരു കല്ലറയിലും ബിജു പി ജോർജ്ജിന്റെ മൃതദേഹം കുടുംബ കല്ലറയിലും അടക്കം ചെയ്തു. രാവിലെ എട്ട് മണി മുതൽ മൃതദേഹങ്ങൾ പള്ളിയിൽ പൊതുദർശനം നടത്തിയിരുന്നു.
കഴിഞ്ഞ ഞായർ പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കുടുംബം മടങ്ങി വരവെ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അനുവിന്റെ അച്ഛനായ ബിജുവും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും ഇവരെ എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനായി പോയതായിരുന്നു. വീടെത്താൻ ഏഴ് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് അപകടം ഉണ്ടായത്. നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..