20 September Friday

തിരുവനന്തപുരത്ത്‌ അഞ്ച്‌ പേർക്കുകൂടി അമീബിക്‌ മസ്‌തിഷ്‌കജ്വരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

തിരുവനന്തപുരം >  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അമീബിക്‌ മസ്‌തിഷകജ്വരം ബാധിച്ച്‌ അഞ്ച്‌പേർ ചികിത്സയിൽ.  നെയ്യാറ്റിൻകര നെല്ലിമൂട്‌ സ്വദേശികളായ ശ്രീക്കുട്ടൻ (22),  ഹരീഷ്‌ (22), ശ്യാം (24), ധനുഷ്‌ (19),   പേരൂർക്കട മണ്ണാമൂല സ്വദേശി നിജിത്ത്‌ (‌39) എന്നിവരാണ്‌ ചികിത്സയിലുള്ളത്‌. രോഗം ബാധിച്ച്‌   അതിയന്നൂർ മരുതംകോട് കണ്ണറവിള അനുലാൽ ഭവനിൽ പ്രഭാകരൻ സുനിത ദമ്പതികളുടെ മകൻ അഖിൽ (27)  ജൂലൈ 23ന്‌ മരിച്ചിരുന്നു.  മരിച്ച യുവാവിന്റെ പരിശോധനാഫലം ഞായറാഴ്ചയാണ്‌ പുറത്തുവന്നത്‌. തുടർന്ന്‌ ലക്ഷണങ്ങളോടെ ചികിത്സ തേടിയ രണ്ട്‌ യുവാക്കളുടെയും പ്രാഥമിക ഫലം പോസിറ്റീവായിരുന്നു. തിങ്കളാഴ്ച ഇതുൾപ്പെടെയാണ്‌ സ്ഥിരീകരിച്ചത്‌. 

ഐസിയുവിലുള്ള പേരൂർക്കട സ്വദേശിയുടെ നില ഗുരുതരമാണ്‌. ഇയാൾക്ക്‌ രോഗബാധ എവിടെനിന്നാണുണ്ടായത്‌ എന്നത്‌ വ്യക്തമല്ല. എന്നാൽ നെല്ലിമൂട്‌ സ്വദേശികളായ യുവാക്കൾക്ക്‌ കുളത്തിൽ നിന്നാണ്‌ രോഗബാധയെന്നാണ്‌ പ്രാഥമിക നിഗമനം. നെല്ലിമൂട്‌ കണ്ണറവിളയിലെ കാവ്‌ കുളത്തിലാണ്‌ ഇവർ കുളിച്ചത്‌. ഈ കുളം നിലവിൽ ആരോഗ്യവകുപ്പ്‌ അടപ്പിച്ചു. വലകെട്ടി പ്രവേശനം വിലക്കിയിട്ടുണ്ട്‌. പായൽ മൂടി കിടന്നിരുന്ന കുളത്തിൽ മത്സ്യക്കൃഷിയുണ്ടായിരുന്നു എന്നാണ്‌ വിവരം.     

ഞായറാഴ്ച ചികിത്സ തേടിയെത്തിയ നെയ്യാറ്റിൻകര സ്വദേശികളായ യുവാക്കളുടെ സ്ഥിതി നിയന്ത്രണവിധേയമാണ്‌. എംഐസിയുവിലായിരുന്ന 22കാരനെ തിങ്കളാഴ്ച വാർഡിലേക്ക്‌ മാറ്റി.

ഒരാള്‍ നാളെ 
ആശുപത്രി
വിടും

കോഴിക്കോട് >  അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് കുട്ടികളില്‍ ഒരാള്‍ ബുധനാഴ്ച ആശുപത്രി വിടും.  കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ നാലുവയസ്സുകാരനാണ് രോ​ഗം ഭേദമായത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നെ​ഗറ്റീവ് ആയിരുന്നു. എന്നാല്‍ കുട്ടിക്ക് ചെറിയ പനിയുണ്ട്. ഇതിനുള്ള ചികിത്സയാണ്  നൽകുന്നത്. രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചു.      അതേസമയം രോഗം സ്ഥിരീകരിച്ച കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നുവയസ്സുകാരൻ വെന്റിലേറ്ററിൽ തുടരുകയാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അടുത്ത ദിവസംതന്നെ വാർഡിലേക്ക് മാറ്റാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top