26 December Thursday

നാഗമ്പടം സ്‌റ്റേഡിയം നശിക്കുന്നു: 
കോട്ടയം നഗരസഭ ഗ്യാലറിയിൽ

സ്വന്തം ലേഖകൻUpdated: Monday Oct 16, 2023

നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിന്റെ ഗാലറിയിലെ കൈവരി തകർന്ന നിലയിൽ

കോട്ടയം > ട്രാക്കിലും ഗ്രൗണ്ടിലും മുട്ടോളം ഉയരത്തിൽ വളർന്ന കാട്‌, തകർന്ന ഗ്യാലറി, മഴ പെയ്‌താൽ അണക്കെട്ടിന്‌ സമാനം... നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിന്റെ അവസ്ഥയാണിത്‌. പല കായികതാരങ്ങൾക്കും ജന്മം നൽകിയ സ്‌റ്റേഡിയം ഇപ്പോൾ തകർന്ന സ്ഥിതിയിലാണ്‌. കഴിഞ്ഞയാഴ്‌ച നടത്തത്തിനിടെ ഗ്യാലറിയിലെ കുഴിയിൽ വീണ്‌ ഒരാളുടെ കാലിന്‌ ഗുരുതര പരിക്കേറ്റിരുന്നു.
 
ഗ്യാലറിയുടെ കൈവരി തകർന്ന്‌ പലഭാഗവും കമ്പിതെളിഞ്ഞു. സ്ലാബുകൾ പലതും ഇളകിയ നിലയിലാണ്‌. കൈവരികൾ തകർന്നതിനാൽ കാൽതെറ്റി വീണാൽ പത്തടി താഴ്‌ചയിലേക്കാവും. ഇതോടെ പ്രഭാത വ്യായാമങ്ങൾക്കും വിവിധ കായികമത്സരങ്ങളുടെ പരിശീലനത്തിനുമായി നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന സ്റ്റേഡിയം നാശോന്മുഖമായി. ട്രെയിൻ, ബസ് യാത്രാസൗകര്യം ഇത്രയുമുള്ള സ്റ്റേഡിയം സംസ്ഥാനത്തുതന്നെ അപൂർവമാണ്. മീനച്ചിലാറിലെ ജലനിരപ്പിൽനിന്ന് മൂന്നടി താഴ്ചയിൽ സ്ഥിതിചെയ്യുന്ന സ്‌റ്റേഡിയം മഴപെയ്‌താൽ വെള്ളക്കെട്ടാകും.
 
വെള്ളം ഒഴുകിപ്പോകാൻ നഗരസഭ സംവിധാനം ഒരുക്കിയിട്ടുമില്ല. ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഗ്യാലറിയുടെ കോൺക്രീറ്റ് ഭാഗങ്ങൾ. ക്രിക്കറ്റ് പ്രാക്‌ടീസ് നെറ്റിന്റെ അവസ്ഥയും പരിതാപകരമാണ്. വള്ളിപ്പടർപ്പുകൾ മൂടി വലകൾ കീറിപ്പറിഞ്ഞു. ഒരു ഫുട്ബോൾ സ്റ്റേഡിയം, 400 മീറ്റർ ട്രാക്ക്, ഗ്യാലറി, ക്രിക്കറ്റ് നെറ്റ്‌സ്, ബാസ്‌കറ്റ് ബോൾ സ്റ്റേഡിയം എന്നിവയാണ് നഗരസഭയുടെ അനാസ്ഥമൂലം നശിക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റും സ്ഥാപിച്ച സോളാർ ലൈറ്റുകളും പ്രവർത്തനരഹിതമാണ്. എന്നിട്ടും ഒരു നടപടിയും എടുക്കാൻ നഗരസഭ തയ്യാറായിട്ടില്ല. ബജറ്റിൽ പതിവ്‌ പ്രഖ്യാപനങ്ങൾക്ക്‌ ഒരു കുറവുമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top